കേന്ദ്ര സർക്കാരിൻെറ ദീനദയാൽ അന്ത്യോദയ യോജന’ എന്ന പരിപാടിയുടെ അടിസ്ഥാനത്തിൽ ദേശീയ ഗ്രാമീണ ഉപജീവന മിഷൻെറ കീഴിൽ പ്രത്യേക വായ്പകൾ ലഭ്യമാണ്. സ്വയം സഹായ സംഘങ്ങളുടെ മൊത്തം വായ്പാ പരിധി 10 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തി. ഈടില്ലാതെ രണ്ട് ലക്ഷം രൂപ വരെയാണ് കുടുംബശ്രീ അംഗങ്ങൾക്ക് ലോൺ ലഭിക്കുക. കൃത്യമായ വായ്പാ തിരിച്ചടവ് നടത്തുന്നവര്‍ക്ക് നാല് ശതമാനമേ പലിശ നൽകേണ്ടതുള്ളൂ. ബാങ്ക് ലോണിൻെറ സബ്‍സിഡി കേന്ദ്ര സര്‍ക്കാര്‍ നൽകുന്നതിനാലാണ് പലിശ ഇളവ് ലഭിക്കുന്നത്.
പ്രളയ സമയത്ത് കുടുംബശ്രീയിലൂടെ ഒരു ലക്ഷം രൂപയുടെ പലിശ രഹിത വായ്പ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കുടുംബശ്രീ വഴി തന്നെ ഈട് രഹിത വായ്പകൾക്കായി അപേക്ഷ നൽകാം. വായ്പകൾക്ക് പുറമെ ഒറ്റത്തവണയായി ധനസഹായവും സര്‍ക്കാര്‍ നൽകുന്നുണ്ട്. വിധവകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി 30,000 രൂപ അനുവദിക്കുന്ന സഹായ ഹസ്തം, 5,000 രൂപ മുതൽ ഇളവുകളോടെ അയൽക്കൂട്ടങ്ങൾ വഴി പ്രത്യേക വായ്പ തുടങ്ങിയ സഹായങ്ങളും ലഭ്യമാണ്. ഇത്തരത്തിൽ കുടുംബശ്രീ അംഗങ്ങളുടെ ഉന്നമനത്തിനായി വിവിധ ധനസഹായ പദ്ധതികൾ ഉണ്ട്.