കഴിഞ്ഞ ദിവസമായിരുന്നു കഴിഞ്ഞ രണ്ടു മാസക്കാലത്തെ മലയാള സിനിമകളുടെ മുതൽമുടക്കും വരുമാനവും വ്യക്തമാക്കി നിർമ്മാതാക്കളുടെ സംഘടന കണക്ക് പുറത്ത് വിട്ടത്. ഈ കണക്ക് പുറത്തു പിന്നാലെ നടൻ കുഞ്ചാക്കോ ബോബൻ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. താൻ നായകനായെത്തി തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രത്തിന് നിർമ്മാണ ചെലവ് പോലും കലക്ഷനിൽ നേടാനായില്ലെന്ന തരത്തിലുള്ള വിവരമായിരുന്നു നിർമ്മാതാക്കൾ പുറത്തുവിട്ട ലിസ്റ്റിൽ ഉണ്ടായിരുന്നത്. എന്നാൽ ഇത് തീർത്തും തെറ്റാണെന്നും പടം റിലീസ് ആയി രണ്ടാഴ്ചക്കുള്ളിൽ തന്നെ ലാഭത്തിലേക്ക് കടന്നതാണെന്നുമാണ് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ താരം പറഞ്ഞത്. അതേസമയം ഈ വാദത്തിനോട് അനുബന്ധിച്ച് താരം പറഞ്ഞ മറ്റു ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയ്ക്ക് എടുത്തിരിക്കുന്നത്.
പല മലയാള സിനിമകളും വൻ നഷ്ടത്തിൽ ആണെന്നും പലപ്പോഴും തിയേറ്ററുകളിൽ നിന്നും മുതൽമുടക്ക് പോലും ലഭിക്കുന്നില്ലെന്നും നിർമ്മാതാക്കൾ ആരോപിച്ചിരുന്നു. താരങ്ങളുടെ പ്രതിഫലം കൂടുകയും എന്നാൽ ഒടിടി,സാറ്റലൈറ്റ് ബിസിനസുകൾ നടക്കാതെ നിർമാതാക്കൾ ബുദ്ധിമുട്ടിലാകുന്നതുമാണ് അവസ്ഥ എന്നായിരുന്നു സംഘടനയുടെ വാദിച്ചത്. സംഘടനയുടെ ഇത്തരം ന്യായങ്ങളോട് യുക്തി ഭദ്രമായാണ് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്.
ഓ ടി ടി സാറ്റലൈറ്റ് ബിസിനസുകൾ എന്തുകൊണ്ടാണ് നടക്കാത്തത് എന്ന് നിർമ്മാതാക്കളോട് ചോദിച്ച കുഞ്ചാക്കോ ബോബൻ ഓ ടി ടി ഡീലർമാരുടെ വിശ്വാസ്യത നഷ്ടപ്പെട്ടത് എപ്പോഴാണെന്നും ചോദിക്കുന്നു.
മൂന്നു കാര്യങ്ങളാണ് ഡിജിറ്റൽ ബിസിനസ് നടക്കാത്തതിന് ചാക്കോച്ചൻ ചൂണ്ടിക്കാട്ടുന്നത്. താരങ്ങളുടെ സാന്നിധ്യം, സിനിമയുടെ പ്രൊഡക്ഷൻ ക്വാളിറ്റി, സംവിധാകന്റെയും തിരക്കഥാകൃതൃത്തിന്റെയും ഉൾപ്പടെയുള്ള സാങ്കേതിക പ്രവർത്തകരുടെ മുൻകാല ചിത്രങ്ങളുടെ വിജയശതമാനം.താരങ്ങളെ ഗസ്റ്റ് റോളിൽ കൊണ്ടുവന്ന ശേഷം നായകന്മാരെന്ന് പറഞ്ഞ് കൂടുതൽ തുക വാങ്ങി ഡിജിറ്റൽ പാർട്ട്ണർമാരെ മണ്ടന്മാരാക്കിയത് ആരാണ്? 10 കോടിയുടെ പടമെന്ന് പറഞ്ഞ് മൂന്നു കോടിയുടെ ക്വാളിറ്റിയില്ലാത്ത പടം പിടിച്ച് അവരെ പറ്റിച്ചത് ആരാണ്? അതെ നിർമാതാക്കൾ തന്നെയാണ് ഡിജിറ്റിൽ പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യത ഇല്ലാതാക്കിയത്. അതുകൊണ്ട് നല്ല ക്വാളിറ്റിയുള്ള പടവുമായി ചെന്നാലും അവരത് എടുക്കില്ല.— ചാക്കോച്ചൻ പറയുന്നു.