കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷറഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഓരോ ദിവസവും ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ കുതിച്ച് ഉയരുകയാണ്. ഞായറാഴ്ച മാത്രം കേരളത്തിൽ മൂന്നു കോടിക്ക് മുകളിൽ കളക്ഷനാണ് ചിത്രം നേടിയത്. മുന്നൂറ്റി അൻപതിൽ പരം ഹൗസ് ഫുൾ ഷോകളും ഇരുന്നൂറിലധികം എക്സ്ട്രാ ഷോകളുമാണ് കേരളത്തിൽ ചിത്രത്തിനുണ്ടായിരുന്നത്. വിദേശ രാജ്യങ്ങളിലും ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിച്ചത്.
ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ഓഫീസർ ഓൺ ഡ്യൂട്ടി ഇന്ത്യയിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.
നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡയറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്.