‘വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്’ ഒരു മലയാള സിനിമ പാട്ടിലെ വരികളാണിവ. സിനിമാ പാട്ടിലെ കേവലം രണ്ട് വരികൾക്കപ്പുറം ഒരു ശരാശരി മലയാളിയുടെ ജീവിത യാഥാർത്ഥ്യം കൂടിയാണിത്. മോഹൻലാൽ എന്ന അത്ഭുതം പ്രായഭേദമന്യേ അത്രയ്ക്കാഴത്തിൽ മലയാളികൾക്കിടയിൽ വേരാഴ്ത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലിതാറെക്കോര്‍ഡ് നേട്ടവുമായി തരുൺ മൂർത്തി ചിത്രം ‘തുടരും’ വൻ ചർച്ചയും ആഘോഷവുമാകുമ്പോൾ എവിടെയോ കൈവിട്ടു പോയെന്ന് മലയാളികൾ ഇടയ്ക്കെപ്പോഴോ നഷ്ടബോധത്തോടെയോർത്ത മോഹൻ ലാൽ എന്ന നടന്റെ തിരിച്ചുവരവ് കൂടിയാണ് സംഭവിച്ചത്.
ഉള്ളടക്കം കൊണ്ടും മേക്കിങ് കൊണ്ടും തരുൺമൂർത്തി ചിത്രം മലയാള സിനിമയുടെ എടുപ്പ് ഉറപ്പായാലും കൂട്ടിയിട്ടുണ്ട്. അതിനുമപ്പുറം ‘തുടരും’ മലയാളികൾക്ക് ഒരു വൈകാരിക അനുഭവമാകുന്നത് ഒളിമങ്ങിപ്പോയ ലാലേട്ടൻസ് മാജിക്കിന്റെ വീണ്ടെടുപ്പ് കൊണ്ടാണ്. പൃഥ്വിരാജിന്റെ ‘എമ്പുരാനി’ലെ ഖുറേഷി അബ്രഹാമിന്റെ ഭാരിച്ച വെച്ചുകെട്ടലുകളും ഇണങ്ങാ കുപ്പായത്തിന്റെ അസ്വസ്ഥതകളും അഴിച്ചുവെച്ച് ‘തുടരുമി’ലൂടെ ഒരു സാധാരണക്കാരനായ ഡ്രൈവറായി ലാലേട്ടൻ കൂടെ കൂടിയപ്പോൾ കൈവിട്ട രാജ്യം തിരിച്ചു കിട്ടിയ രാജാവിനെ പോലെയാണ് ഓരോ ആരാധകർക്കും ഉള്ളിന്റെയുള്ളിൽ. പൃഥ്വിരാജടക്കമുള്ള മിക്ക സംവിധായകരും മോഹൻലാൽ എന്ന അഭിനയ സാധ്യതയ്ക്കപ്പുറം സൂപ്പർസ്റ്റാറിനെ പെരുപ്പിച്ച് കാട്ടി ആരാധകരെ നിരാശരാക്കിയിടത്തു നിന്നാണ് തരുൺ മൂർത്തി ആത്മവിശ്വാസത്തോടെ തുടങ്ങിയത്.

സമീപകാലത്തെ എമ്പുരാന്റെ പ്രമോഷൻ പ്രഹസനങ്ങളും സിനിമയിലെ ലാലേട്ടന് നൽകിയ പ്രാധാന്യവും കണക്കിലെടുത്ത് താരത്തെ പൃഥ്വിരാജ് കോട്ടിട്ട് കോമാളിയാക്കിയെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ഇവിടെയാണ് ലാലേട്ടന് ഏറ്റവും ചേരുന്ന കുപ്പായം തന്റെ അധ്വാനവും അർപ്പണബോധവും കൊണ്ട് തുടരുമിലൂടെ തരുൺ മൂർത്തി തയ്പ്പിച്ചു നൽകിയിരിക്കുന്നത്.
നാടടച്ചുള്ള ജൈജാൻഡിക് പ്രമോഷൻ കാരണം പല ലാലേട്ടൻ പടങ്ങളും മൂക്കുകുത്തി വീണിട്ടുണ്ട്. സാമ്പത്തികമായി ലാഭമാണെങ്കിൽ കൂടി ഏറ്റവും അവസാനമിറങ്ങിയ എമ്പുരാൻ ഉദാഹരണമാക്കിയെടുത്താൽ തന്നെ മോഹൻലാൽ ആരാധകർ ഒരു പരിധി വരെ നിരാശപ്പെടാൻ കാരണം ചിത്രത്തിന്റെ ഓവർ ഹൈപ്പ് ആണെന്ന് വ്യക്തമായി കാണാം. മോഹൻലാൽ എന്ന നടനു പകരം കച്ചവട സാധ്യതയെ കൃത്യമായി ഉപയോഗിച്ച മാർക്കറ്റ് തന്ത്രം. ഇവിടെയാണ് തുടരും സംവിധായകൻ തരുൺ മൂർത്തിയുടെ രീതിയും അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയമാകുന്നത്.
‘ശോഭനയും മോഹന്‍ലാലും എന്തുകൊണ്ട് പ്രൊമോഷന് വരുന്നില്ല’? എന്ന് അദ്ദേഹത്തോട് പ്രമോഷൻ പരിപാടിക്കിടെ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാനിപ്പോള്‍ ഇവിടെ ശോഭന മാമിനെയും ലാലേട്ടനെയുമാണ് കൊണ്ടിരുത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ പിന്നെ എന്താണ് കാണാനുള്ളത്? ആ കെമിസ്ട്രി കണ്ട് ആസ്വദിക്കേണ്ടത് സ്ക്രീനില്‍ ആണ്, ഇവിടയല്ലേ!’. ഒരു സംവിധായകൻ എന്ന കുപ്പായമിട്ട് വൻ സാമ്പത്തികവിജയം ഉണ്ടാക്കുക എന്നതിനപ്പുറം തരുൺ മൂർത്തിയിലെ മോഹൻലാൽ ആരാധകന്റെ ഹൃദയാദരം കൂടിയാണ് തുടരും എന്ന സിനിമ. ആ സത്യസന്ധതയും ഹൃദയശുദ്ധിയുമാണ് തിയറ്റർ കളക്ഷനായി റെക്കോർഡ് സൃഷ്ടിക്കുന്നത്.
തുടരും പ്രതീക്ഷകൾക്കുമപ്പുറം ആഴത്തിൽ ആളുകളിലേക്ക് ഇറങ്ങുകയാണ്. ‘അഭിനയശൈലിയിലെ പഴയതിനും പുതിയതിനുമിടയിൽ അഴിഞ്ഞും നിറഞ്ഞുമാടുന്ന ലാലേട്ടനെന്നും’ ‘ഇത് പോലൊരു മെയ് വഴക്കത്തിൽ മോഹൻലാലിനെ കണ്ടിട്ടെത്രയോ കാലമായെന്നും’ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു കാണുമ്പോൾ വെളിവാകുന്നൊരു സത്യം മലയാളികൾ ഇത് അത്രയ്ക്കധികം ആഗ്രഹിച്ചിരുന്നു എന്നാണ്.
നിസ്സഹായത, കുസൃതി, വെറി, പ്രതികാരം, അതിജീവനം, കീഴടങ്ങൽ അങ്ങനെ സകല ജീവിത സന്ദര്ഭങ്ങളും അനായാസം വിരൽ തുമ്പിൽ പോലും പ്രതിഫലിപ്പിക്കുന്ന, ഇടം തോളു ചരിച്ചു വരുന്ന ആ പഴയ ലാലേട്ടന്റെ നിറഞ്ഞാട്ടമായിരുന്നു തുടരും. എമ്പുരാന്റെ ഭാരമേറിയ കോട്ടഴിച്ചുവച്ച് ഒരു സാധാരണക്കാരനായി തോള് ചരിച്ച് പ്രതാപകാലത്തേതിലുമതിധികം പ്രേക്ഷകരോട് അടുത്തിരിക്കുകയാണ് മോഹൻലാൽ എന്ന പ്രതിഭാസമിപ്പോൾ
കിരീടം, ദശരഥം, സദയം, തന്‍മാത്ര, ഭ്രമരം, പ്രണയം, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിൽ കണ്ടതുപോലൊരു ലാലേട്ടൻ. പണിയറിയാവുന്ന സംവിധായകർ ആദരവോടെയും സിനിമയോടുള്ള ആത്മാർത്ഥതയോടും മാത്രം ചെയ്യുമ്പോൾ പ്രേക്ഷകർ പകരം കൊടുക്കുന്ന വിജയങ്ങളിൽ ഒന്നാണ് തുടരും. സിനിമയെ സ്നേഹിക്കുന്ന മികച്ച സംവിധായകരും തിരക്കഥാകൃത്തുക്കളും ആവർത്തിക്കപ്പെടുമ്പോൾ പ്രേക്ഷകർ കണ്ടു മടുക്കാത്ത ലാലേട്ടൻ മാജിക് ഇനിയും തുടരുക തന്നെ ചെയ്യും.. ലാലേട്ടൻ തുടരും..