ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം കുറുപ്പ് നാളെ റിലീസിന് ഒരുങ്ങുകയാണ്. ആരാധകർക്ക് ആവേശമായ ചിത്രം കേരളത്തിൽ 475ഓളം ഫാൻസ് ഷോകളാണ് കളിക്കുന്നത്. രാവിലെ എട്ട് മണിയോടെ ചിത്രത്തിന്റെ ഫാൻസ് ഷോ ആരംഭിക്കും.
കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവതകഥയാണ് പറയുന്നത്. ടോവിനോ തോമസ്, സണ്ണി വെയ്ന്‍, ഇന്ദ്രജിത് സുകുമാരന്‍, ഷൈന്‍ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാല്‍, എം ആര്‍ ഗോപകുമാര്‍, ശിവജിത് പദ്മനാഭന്‍, ബിബിന്‍ പെരുമ്പിള്ളിക്കുന്നേല്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്.
നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷന്‍ ഡിസൈനുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. മറ്റൊരു ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.