കുതിരാന്‍ തുരങ്കം: സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍
കുതിരാന്‍ തുരങ്ക നിർമാണ പുരോഗതി വിലയിരുത്തി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. നിര്‍മാണവുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കലക്ടര്‍ കൂടിക്കാഴ്ച നടത്തി. അടിയന്തരമായി ഒരു തുരങ്കം തുറന്ന് നല്‍കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു.
മുമ്പ് മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളില്‍ സിമിന്റ് മിശ്രിതം ഉപയോഗിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. നിര്‍മാണ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് കലക്ടര്‍ ഇരു തുരങ്കങ്ങളും പരിശോധിച്ചു. നേരത്തെ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ കുതിരാന്‍ സന്ദര്‍ശനത്തിനുശേഷം അടിയന്തരമായി ഒരു തുരങ്കത്തിലൂടെയുള്ള ഗതാഗതം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് അതിവേഗത്തില്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്.
മണ്ണുത്തിയില്‍ വെള്ളകെട്ടുണ്ടാകുന്ന പ്രദേശങ്ങളിലും കലക്ടര്‍ സന്ദര്‍ശനം നടത്തി. പാതയോരങ്ങളിലെ കനാലകളുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്‍.എച്ച് പ്രോജക്ട് ഡയറക്ടര്‍ സഞ്ജയ് കുമാര്‍, വിവിധ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.