കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികൾ ചീഫ് സെക്രട്ടറി തലത്തിൽ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ്. ഫെബ്രുവരി ഒൻപതിന് വാർഡിലുണ്ടായ വഴക്കിൽ ഒരു അന്തേവാസി കൊല്ലപ്പെട്ട സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. യഥാസമയം വിദഗ്ദ്ധ ചികിത്സ നൽകിയിരുന്നെങ്കിൽ രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള സാധ്യതയുണ്ടായിരുന്നതായി കമ്മീഷൻ വിലയിരുത്തി. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷാ ജീവനക്കാരടക്കമുള്ളവരുടെ കുറവും കാരണം ആശുപത്രി അധികൃതർ നിസ്സഹായരാണ്. അതിനാൽ ആശുപത്രി അധികൃതരെയും ജീവനക്കാരെയും കുറ്റപ്പെടുത്തുന്നില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ആധുനിക ചികിത്സാ സൗകര്യങ്ങളും ഗുണമേന്മയേറിയ ചികിത്സയും ആരോഗ്യപരമായ അന്തരീക്ഷവും ഉറപ്പു വരുത്തിയാൽ മാത്രമേ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നനുഭവിക്കുന്ന ദുരിതങ്ങൾക്കും ദൗർഭാഗ്യകരമായ സംഭവങ്ങളും ഒഴിവാക്കാൻ കഴിയുകയുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.