കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് മന്ത്രി സഭ പ്രഖ്യാപിച്ച അഞ്ചാം ഘട്ട ഇളവുകളുടെ പശ്ചാത്തലത്തില്‍ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുന്നു. പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ ഹമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പ്രത്യേക യോഗത്തില്‍ എടുത്ത തീരുമാന പ്രകാരം ഒക്ടോബര്‍ 24 ഞായറാഴ്ച മുതല്‍ തന്നെ കൂടുതല്‍ വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിത്തുടങ്ങിയതായി സിവില്‍ ഏവിയേഷന്‍ ഡയരക്ടറേറ്റ് അധികൃതര്‍ അറിയിച്ചു.
ഒരു ദിവസം 15000 യാത്രക്കാരെ കുവൈറ്റിന് പുറത്തേക്ക് യാത്ര അയക്കാനും അത്രയും പേരെ രാജ്യത്തേക്ക് സ്വീകരിക്കാനുമാണ് വിമാനത്താവളം ക്രമീകരണങ്ങള്‍ വരുത്തിയിരിക്കുന്നതെന്ന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ സഅദ് അല്‍ ഉതൈബി അറിയിച്ചു. ഇതോടെ കോവിഡ് കാലത്തിനു മുമ്പുള്ള സ്ഥിതിയിലേക്ക് വിമാനത്താവളം മാറുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, കസ്റ്റംസ് വിഭാഗം തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സുകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സര്‍വീസുകളെ സ്വീകരിക്കാന്‍ വിമാനത്താവളം പൂര്‍ണ സജ്ജമാണെന്ന് ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനിലെ ഓപ്പറേഷന്‍സ് ഡയരക്ടര്‍ മന്‍സൂര്‍ അല്‍ ഹാഷിമി അറിയിച്ചു. ആഭ്യന്തര, വിദേശ വിമാന കമ്പനികളില്‍ നിന്നുള്ള അപേക്ഷകള്‍ വന്നുകൊണ്ടിരിക്കുകായണെന്നും ലഭിച്ച എല്ലാ അപേക്ഷകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ ഇതുവരെ തടസ്സങ്ങളൊന്നും നേരിട്ടിട്ടില്ല. വരും ദിനങ്ങളില്‍ കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസുകളുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷ- അദ്ദേഹം വ്യക്തമാക്കി.
കൂടുതല്‍ വിമാനക്കമ്പനികള്‍ സര്‍വീസുമായി എത്തുന്നതോടെ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് മാസം മുമ്പ് 400 ദിനാറായി ഉയര്‍ന്നിരുന്നില്ല വിമാന ടിക്കറ്റിന് ഇപ്പോള്‍ 160 ദിനാര്‍ മാത്രമാണ് ഈടാക്കുന്നത്. സീറ്റുകളുടെ ലഭ്യത വര്‍ധിച്ചതിനനുസരിച്ച് ടിക്കറ്റ് നിരക്കും കുറഞ്ഞുവന്നിട്ടുണ്ട്. വിമാനത്താവളം പൂര്‍ണ ശേഷിയില്‍ തിരികെയെത്തുന്നതോടെ ടിക്കറ്റ് നിരക്ക് ഇനിയും കുറയാനാണ് സാധ്യതയെന്നും ട്രാവല്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.