ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിൻവലിച്ചു
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പ്രവേശന വിലക്ക് കുവൈത്ത് പിന്‍ലിച്ചു. ഈ മാസം 22 മുതല്‍ കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം നല്‍കും.
കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച താമസ വിസക്കാര്‍ക്കായിരിക്കും പ്രവേശനാനുമതി.
ഞായറാഴ്ച മുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഫൈസര്‍, കോവിഷീല്‍ഡ്, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ എന്നീ കുവൈത്ത് അംഗീകരിച്ച വാക്‌സിനുകളില്‍ ഏതെങ്കിലും എടുത്തിരിക്കണം.
അല്ലെങ്കില്‍ മൂന്നാമത്തെ ഡോസായി കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ എടുക്കണം.
സിനോഫാം, സ്പുട്‌നിക് തുടങ്ങി കുവൈത്ത് അംഗീകരിക്കാത്ത വാക്‌സിന്‍ എടുത്തവരും മൂന്നാം ഡോസായി അംഗീകൃത വാക്‌സിന്‍ സ്വീകരിക്കണം.
കുവൈത്തിന് പുറത്തു നിന്നും വാക്‌സിന്‍ സ്വീകരിച്ചവര്‍ പാസ്‌പോര്‍ട്ട്, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കി കുവൈത്ത് ആരോഗ്യമന്ത്രാലയം വഴി അനുമതി തേടണം.
യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുമ്പ് ലഭിച്ച ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.
കുവൈത്തിലെത്തിയ ശേഷം ഏഴു ദിവസം ക്വാറന്റീനില്‍ കഴിയണം. ഒന്നര വര്‍ഷത്തിന് ശേഷമാണ് കുവൈത്ത് നേരിട്ടുള്ള പ്രവേശനത്തിന് വിലക്ക് നീക്കുന്നത്. കുവൈത്തിലെത്താനാകാതെ, നാട്ടില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാര്‍ക്ക് ആശ്വാസമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതലാണ് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഇന്ത്യാക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.