ഇന്ത്യയിൽനിന്ന് ഡോക്ടർ, നഴ്സ് റിക്രൂട്മെന്റിനൊരുങ്ങി കുവൈത്ത്.
കുവൈത്ത് സിറ്റി : ഇന്ത്യയിൽ നിന്നു ഡോക്ടർമാരെയും നഴ്സുമാരെയും ടെക്നീഷ്യന്മാരെയും റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്.കുവൈത്ത് ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ അൽ റിദയുമായി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തു. ഇന്ത്യയിൽ കുടുങ്ങിയ ഡോക്ടർമാരെയും നഴ്സുമാരെയും ടെക്നീഷ്യന്മാരെയും കുടുംബാംഗങ്ങളെയും നേരിട്ടു കുവൈത്തിൽ എത്തിക്കുന്നതിനുള്ള തീരുമാനവും ഉടനെയുണ്ടാകും.
കൂടാതെ,വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്ന നടപടി വേഗത്തിൽ പൂർത്തിയാക്കും. വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്തവരുടെ പട്ടികയിൽ 18 വയസ്സ് തികയാത്തവരും ഗർഭിണികളും ഉൾപ്പെടുമെന്നും കുവൈത്ത് അറിയിച്ചു.
വിദേശത്ത് കുടുങ്ങിയ അധ്യാപകരിൽ ഇഖാമ കാലാവധി അവസാനിച്ചവരുണ്ടെങ്കിൽ താൽക്കാലിക വീസ നൽകും. സെപ്റ്റംബർ ആദ്യം സ്കൂളുകൾ തുറക്കാനിരിക്കെയാണ് കുവൈത്തിന്റെ പുതിയ തീരുമാനം.