കുവൈത്ത് സിറ്റി : ഉപേക്ഷിക്കപ്പെട്ട കപ്പലിലെ ഇന്ത്യക്കാരായ 16 ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിന് കുവൈറ്റ് പൊതുമരാമത്ത് വാർത്താ വിനിമയ വിവര സാങ്കേതിക മന്ത്രി ഡോ.റനാ അൻ ഫാരിസ് നടത്തിയ ഇടപെടൽ ഉന്നതമെന്ന് ഇന്ത്യൻ സ്ഥാനപതി സിജി ജോർജ്.
മാനുഷിക പരിഗണനക്ക് പ്രാധാന്യം നൽകി, കഴിഞ്ഞ മൂന്നു മാസമായുള്ള മന്ത്രിയുടെ പരിശ്രമങ്ങളാണ് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്. ഇതോടെ ഒരു വർഷത്തോളമായി പരിഹരിക്കപ്പെടാതെ ഇരുന്ന പ്രശ്നമാണ് മന്ത്രിയുടെ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടത്. വാർത്താവിനിമയ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ പ്രശ്നവുമായി ബന്ധപ്പെട്ട ഫയലിൻറെ കാര്യത്തിൽ മന്ത്രി സ്വീകരിച്ച വ്യക്തിപരമായ താൽപര്യവും,ഇന്ത്യൻ എംബസിയുടെ തുടർച്ചയായ ഇടപെടലുകളുടെയും ഫലമായാണ് ഇന്ത്യക്കാരായ 16 ജീവനക്കാരെ കഴിഞ്ഞദിവസം വിമാനമാർഗം ഇന്ത്യയിലെത്തിക്കാൻ സാധിച്ചതിനു പിന്നിലെന്നും സിജി ജോർജ് പറഞ്ഞു. ടിക്കറ്റ്, മെഡിക്കൽ പരിശോധന, പിസിആർ പരിശോധനകളും എംബസിയുടെ ചെലവിലായിരുന്നു പ്രശ്നപരിഹാരത്തിനായി സഹായിച്ച കുവൈറ്റ് വിദേശമന്ത്രാലയം, വാർത്താ വിനിമയ മന്ത്രാലയം,ആഭ്യന്തരമന്ത്രാലയം, പോർട്ട്, കസ്റ്റംസ് എന്നീ അതോരിറ്റികളോട് ഇന്ത്യൻ സ്ഥാനാപതി ജിജി ജോർജ് നന്ദി അറിയിച്ചു.