കെ വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാൻ അച്ചടക്ക സമിതി ശുപാർശ. പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് നടപടി. എഐസിസി അംഗത്വത്തിൽ നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും നീക്കാനാണ് ശുപാർശ. അന്തിമ തരുമാനം എ ഐ സി സി അധ്യക്ഷ സോണിയാ ഗാന്ധിയുടേത് ആണ്. നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ വി തോമസിന്റെ ആവശ്യവും എ.കെ.ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി. കെ വി തോമസിനെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ സസ്പെൻഡ് ചെയ്യണമെന്നായിരുന്നു കെ പി സി സി നൽകിയ കത്തിൽ പറഞ്ഞിരുന്നത്. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചിയിൽ സ്വാധീനമുള്ള കെ വി തോമസിനെ പിണക്കുന്നത് തിരിച്ചടയാകുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.