“കെ വൈ സി (വ്യക്തിഗത വിവരം) ഇല്ലാത്തതിനാൽ നിങ്ങളുടെ സിം കാർഡ് ഇന്ന് സസ്പെൻഡ് ആകും. ആക്ടിവേഷൻ ചെയ്യാൻ 24 മണിക്കൂറിനുള്ളിൽ ഈ കസ്റ്റമർ കെയർ നമ്പറിൽ (****) ബന്ധപ്പെടുക”, ഇത്തരത്തിൽ സന്ദേശങ്ങൾ നിങ്ങളുടെ മൈബൈലിൽ വന്നിട്ടുണ്ടോ? ഇത്തരം സന്ദേശം വന്നവർ ആരെങ്കിലും തന്നിരിക്കുന്ന കസ്റ്റർമർ കെയർ നമ്പറിലേക്ക് വിളിച്ചു നോക്കിയിട്ടുണ്ടോ? ബിഎസ്എൻഎല്‍ നമ്പറുകൾ കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ തട്ടിപ്പ് ആണിത്. ഈ മെസേജിൽ വിശ്വസിച്ച് തിരികെ വിളിക്കുന്നവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടുന്നതാണ് പുതിയ രീതി.
കേരളത്തിൽ പലയിടത്തും ഇത്തരം തട്ടിപ്പ് നടന്നുകഴിഞ്ഞു.
പണം നഷ്ടമായവർ ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററുകളിൽ ബന്ധപ്പെടുമ്പോഴാണ് പലരും തട്ടിപ്പാണെന്ന് മനസ്സിലാക്കുന്നത്. വിവിധ നമ്പറുകളിൽനിന്നാണ് തട്ടിപ്പ് മെസേജ് വരുന്നത്. പല നമ്പറുകളാണ് കസ്റ്റമർ കെയർ നമ്പര്‍ എന്ന നിലയിൽ നൽകുന്നത്. ഈ നമ്പറിൽ വിളിക്കുമ്പോൾ ഹിന്ദി കലർന്ന ഇംഗ്ലിഷിൽ ആകും സംസാരം.
തട്ടിപ്പിന്റെ രീതി ഇങ്ങനെ
മൊബൈൽ നമ്പറിലേക്ക് സിം കാർഡ് ബ്ലോക്ക് ആകും. വ്യക്തിഗത വിവരങ്ങൾ നൽകണമെന്ന സന്ദേശം എത്തുന്നു. ഇതിൽ ഒരു കസ്റ്റമർ കെയർ നമ്പർ ഉണ്ടാകും.
ഈ നമ്പറിൽ വിളിച്ചാൽ നിങ്ങളുടെ മൊബൈല്‍ നമ്പർ ഇപ്പോൾ ഡീ ആക്ടിവേറ്റ് ആകുമെന്നും ആധാർ അടക്കമുള്ള വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെടും.
നേരില്‍ വരേണ്ടതില്ലെന്നും ഒരു ലിങ്ക് അയക്കാം അതിൽ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ മതിയെന്നും അറിയിപ്പ് എത്തും.
ലിങ്കിൽ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഫോണിൽ ഇൻസ്റ്റാൾ ആകുന്നതു ഫോൺ മറ്റ് സ്ഥലങ്ങളിൽ നിന്നു നിയന്ത്രിക്കാൻ സാധിക്കുന്ന റിമോട്ട് ആപ്ലിക്കേഷനുകൾ ആകും. ഇതിന്റെ ആക്സസ് നൽകുന്നതു വഴി മൊബൈൽ ഫോണിലെ ആക്ടിവിറ്റികൾ തട്ടിപ്പുകാര്‍ക്ക് തൽസമയം കാണാൻ സാധിക്കും.
അടുത്തതായി 10 രൂപയ്ക്ക് ബിഎസ്എൻഎൽ നമ്പർ റീചാർജ് ചെയ്യാൻ ആവശ്യപ്പെടും.
ഇങ്ങനെ റീചാർജ് ചെയ്യുമ്പോൾ റിമോട്ട് ആക്സസ് ആപ്പ് വഴി കാർഡ് നമ്പർ, ഒടിപി തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ബാങ്കിൽനിന്ന് തുക തട്ടിയെടുക്കും.
ഫോണിന്റെ പ്ലാന്‍ അവസാനിക്കും എന്നു പറഞ്ഞും ഇതേ രീതിയിൽ തട്ടിപ്പ് നടക്കുന്നുണ്ട്.
തട്ടിപ്പിന് ഇരയാകാതെ ശ്രദ്ധിക്കണം
ബിഎസ്എന്‍എൽ ഒരു കാരണവശാലും വ്യക്തിഗത വിവരങ്ങൾ ഫോണ്‍ വഴിയോ എസ്എംഎസ് വഴിയോ ആപ്പുകൾ വഴിയോ അന്വേഷിക്കില്ല. ആധാർ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ നൽകിയാണ് ഇപ്പോൾ നമ്മൾ സിം കാർഡ് എടുക്കുന്നത്. അതിനാല്‍ വീണ്ടും വേരിഫിക്കേഷന്റെ ആവശ്യമില്ല.
വരുന്ന മെസേജുകൾ എല്ലാം ശരിയാകണമെന്നില്ല. വ്യക്തമായി വായിച്ച് മനസ്സിലാക്കുക.
വ്യക്തിഗത വിവരങ്ങൾ ഫോൺ വഴി പങ്കുവയ്ക്കരുത്.
മറ്റുള്ളവരുടെ നിർദേശം അനുസരിച്ച് ഒരു ആപ്പുകളും ഫോണിൽ ഇന്‍സ്റ്റാൾ ചെയ്യരുത്.
റിമോട്ട് ആപ്പുകൾ വല്ലതും ഫോണില്‍ പ്രവർത്തിക്കുന്നുണ്ടോ എന്ന് ഇടയ്ക്ക് പരിശോധിക്കുക.
സിം വാലിഡിറ്റി മനസ്സിലാക്കാന്‍ *123# എന്നു ടൈപ്പ് ചെയ്ത് ഡയൽ ചെയ്യുക. അപ്പോൾ നിങ്ങളുടെ പ്രീപെയ്ഡ് സിമ്മിലെ ബാലന്‍സ് എന്ന് സിം കാലാവധി തീരും സിം ആക്ടീവ് ആണോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ സാധിക്കും.
ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങൾ വഴി മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഓപറേറ്ററുമായി പങ്കു വയ്ക്കുമ്പോൾ അവർക്ക് നമ്പർ മെസേജ് ആയി (ഡയറക്ട് മെസേജ്) നൽകുക. പൊതു ഇടത്തിൽ നമ്പർ പങ്കുവയ്ക്കരുത്. ഇത് തട്ടിപ്പുകാർക്ക് നമ്പർ മനസ്സിലാക്കാൻ സഹായിക്കുകയും പ്രശ്നം തീർക്കാൻ എന്ന പേരിൽ വിളിക്കാൻ സഹായമാകുകയും ചെയ്യും.
1503 ആണ് ബിഎസ്എന്‍എല്ലിന്റെ ഔദ്യോഗിക കസ്റ്റമർ കെയര്‍ നമ്പർ.
ഫോൺ ഓൺലൈനായി റീചാർജ് ചെയ്യുമ്പോൾ portal.bsnl.co.in എന്ന സൈറ്റ് മാത്രം ഉപയോഗിക്കുക.