ലഗാൻ-ആമിർഖാൻ രണ്ടു വട്ടം നിരസിച്ച സിനിമ; ചിത്രത്തിന്‍റെ ഇരുപതാം വാർഷികം ആഘോഷിച്ച് അണിയര പ്രവർത്തകർ
2002ൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ഹിറ്റ് ചിത്രമാണ് ലഗാൻ. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഗ്രാമീണരുടെ
പോരാട്ടത്തിന്‍റെ കഥ പറഞ്ഞ ചിത്രം പുറത്തിറങ്ങി 20 വർഷം പൂർത്തിയാവുകയാണ്. എന്നാൽ ആമിർഖാൻ രണ്ട് തവണ
നിരസിച്ച ചിത്രമാണ് ലഗാൻ എന്ന് എത്ര പേർക്കറിയാം.
സംവിധായകൻ അശുതോഷ് ഗൗരിക്കർ അഞ്ച് മിനിറ്റ് നേരം കഥ പറഞ്ഞപ്പോൾ തന്നെ താൻ തള്ളിക്കളഞ്ഞെന്ന് ആമിർ
വെളിപ്പെടുത്തുന്നു. 1983ൽ ബ്രിട്ടീഷ് ഭരണകാലത്ത് നടക്കുന്ന കഥ. ലഗാൻ അഥവാ കാർഷിക നികുതിക്കെതിരെ ഒരു കൂട്ടം
ഗ്രാമീണർ പ്രതിഷേധവുമായി എത്തുന്നു. ബ്രിട്ടീഷ് വെല്ലുവിളി ഏറ്റെടുത്ത് , തങ്ങൾക്കറിയാത്തി ക്രിക്കറ്റ് കളിച്ച് ബ്രിട്ടീഷുകാരെ
തോൽപ്പിക്കുന്നു എന്നാണ് അശുതോഷ് പറഞ്ഞത്.
എന്നാൽ അതൊരു ഭ്രമകഥയാണെന്ന് പറഞ്ഞ് ആമിർ കളിയാക്കി. വിചിത്രമായ കഥയ്ക്ക് പകരം മറ്റൊരു കഥ കൊണ്ടു വരൂ എന്ന്
സംവിധായകനോട് ആവശ്യപ്പെട്ടു. തൊട്ടുമുൻപേ തങ്ങളുടെ കൂട്ടുകെട്ടിൽ പിറന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം ബാസി പോലൊരു
ചിത്രം ചെയ്യാമെന്നും അശുതോഷിനോട് നിർദ്ദേശിച്ചു.
എന്നാൽ മൂന്ന് മാസത്തിന് ശേഷം മുഴുവൻ തിരക്കഥയുമായാണ് അശുതോഷ് ആമിറിനെ കണ്ടത്. പഴയ കഥയെക്കുറിച്ച് സംസാരിക്കാൻ
പോലും മടിയായിരുന്നു. എന്നാൽ മുഴുവൻ തിരക്കഥ കേട്ട ശേഷം താൻ ആ കഥയുമായും കഥാപാത്രവുമായും പ്രേമത്തിലായി എന്ന് ആമിർ
. സാധാരണ സിനിമാ സങ്കൽപങ്ങളെ അത് തകർക്കുമെന്ന് ഉറപ്പായിരുന്നു, പക്ഷേ അപ്പോഴും അശുതോഷിനോട് യെസ് പറയാൻ
എനിക്ക് മടി തോന്നി- ആമിർ പറയുന്നു. ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് വേണ്ടത്ര വിശ്വാസം തോന്നിയില്ല. കഥ നന്നായിട്ടുണ്ടെങ്കിലും
സിനിമ വർക്കൗട്ട് ആകുമോ എന്ന് അപ്പോഴും സംശയിച്ചു.
അതിന് പിന്നാലെ സംവിധായകനും നിർമാതാവുമായ പിതാവ് താഹിർ ഹുസൈനോട് അഭിപ്രായം ചോദിച്ചു. കഥ കേട്ട മാതാപിതാക്കൾ
നിറ കണ്ണുകളോടെ ആ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ മറ്റൊന്നും ആലോചിച്ചില്ലെന്നും ആമിർ വ്യക്തമാക്കി. പിന്നെയും
തടസ്സങ്ങൾ നീങ്ങിയില്ല. 25 കോടി രൂപ ചിലവിട്ട് ആരും ചിത്രം നിർമിക്കാൻ തയ്യാറായില്ല. അപ്പോൾ അച്ഛന് കൊടുത്ത വാക്ക് തെറ്റിച്ച്
സിനിമ നിർമിക്കാനും താരം തയ്യാറായി.
ഗുജറാത്തിലെ ഭുജിൽ നിന്നും കിലോമീറ്ററുകൾ അകലെയായിരുന്നു ഷൂട്ടിങ്. ഹോട്ടലുകൾ ഇല്ലാത്തതിനാൽ പുതുതായി നിർമിച്ച
ഒരു അപ്പാർട്ട്മെന്റ് വാടകക്കെടുത്താണ് അണിയറ പ്രവർത്തകർ താമസിച്ചത്. 50 ഡിഗ്രി സെൽഷ്യസ് ചൂടിൽ പലർക്കും അസുഖങ്ങൾ
പിടിപെട്ടു. സംവിധായകൻ അശുതോഷിന്‍റെ ഇടുപ്പെല്ലിന് തകരാർ സംഭവിച്ചു. ഒരു മാസക്കാലം കട്ടിലിൽ കിടന്നു കൊണ്ട് മോണിറ്ററിന്‍റെ
സഹായത്തോടെ ആണ് അദ്ദേഹം സംവിധാനം ചെയ്തത്. അങ്ങനെ നാല് വർഷത്തെ പ്രതിബന്ധങ്ങൾക്കൊടുവിൽ ലഗാൻ എന്ന
ചരിത്ര സിനിമ പിറന്നു. ആമിർഖാന്‍റെ കരിയർ ബെസ്റ്റ് എന്ന് എപ്പോഴും വിശേഷിപ്പിക്കാവുന്ന സിനിമയായി. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള
ഓസ്കാർ നോമിനേഷൻ വരെ ലഭിച്ചു. അവാർഡ് കിട്ടാത്തതിൽ വിഷമം ഉണ്ടെങ്കിലും പ്രേക്ഷകർ ചിത്രം ഏറ്റെടുത്തതാണ് ഏറ്റവും വലിയ അവാർഡ്.
20 വർഷത്തിനിപ്പുറവും ആവേശത്തോടെയാണ് അവർ സിനിമ കാണുന്നത് എന്നതാണ് വലിയ സന്തോഷം- ആമിർ പറയുന്നു.