സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേർക്ക് മകരവിളക്ക് കാണാനുള്ള സൗകര്യമാണ് ദേവസ്വം ബോര്‍ഡ് ഒരുക്കുന്നത്. വ്യൂപൊയിന്‍റുകളിൽ അയ്യപ്പന്മാരുടെ സുരക്ഷയ്ക്കായി ബാരിക്കേഡുകൾ സ്ഥാപിക്കും. കഴിഞ്ഞ വര്‍ഷം വെറും 5000 പേര്‍ക്കായിരുന്നു മകരവിളക്ക് കാണാന്‍ സൌകര്യമുണ്ടായിരുന്നത്. കാട് വെട്ടിതെളിച്ച് സ്വാമിമാര്‍ക്ക് വിശ്രമിക്കാനായി കൂടുതല്‍ പർണ്ണശാലകൾ കെട്ടാനുള്ള സൗകര്യമൊരുക്കുകയാണ്. കൂടുതല്‍ ഭക്തരെത്തുന്നതിനാല്‍ നിലവിലുള്ള ശൗചാലയങ്ങളുടെ എണ്ണം കൂട്ടും. ഇവിടെ ഫയർഫോഴ്സ്, ആരോഗ്യവിഭാഗം, എൻഡിആർഎഫ് എന്നീ വിഭാഗങ്ങളുടെ സേവനം ഉറപ്പാക്കും. തിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ ഫയർഫോഴ്സും ആരോഗ്യവകുപ്പും ജീവനക്കാരുടെ എണ്ണം കൂട്ടും. തിരക്ക് കാരണം പ്രസാദവിതരണത്തിന് ഒരു കൗണ്ടർ കൂടി സന്നിധാനത്ത് പുതുതായി തുടങ്ങി. കെ എസ് ആർടിസി 1000 ബസുകൾ അധികമായി സർവീസ് നടത്തും. എരുമേലി പേട്ട തുള്ളൽ കഴിഞ്ഞ് മലകയറുന്ന തീർത്ഥാടകരിൽ സന്നിധാനത്ത് തങ്ങാൻ താല്പര്യമുള്ളവർക്ക് നാല് ദിവസം വരെ താമസിക്കാന്‍ ഇത്തവണ സൗകര്യമുണ്ടായിരിക്കും.