കൊട്ടിയൂർ ∙ പന്നിയാംമലയിൽ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വച്ച് പിടിച്ച് കൂട്ടിലാക്കാൻ വേണ്ടി ഒറ്റ ദിവസം പൊടിച്ചത് ലക്ഷങ്ങൾ. അൻപതിൽ അധികം വാഹനങ്ങളാണ് സർക്കാർ ഉദ്യോഗസ്ഥൻമാരുമായി ഇന്നലെ കൊട്ടിയൂരിലെത്തിയത്. വനം, പൊലീസ്, റവന്യു വകുപ്പുകളിലെ 200ൽ അധികം ഉദ്യോഗസ്ഥർക്ക് പുറമേ നൂറോളം വാച്ചർമാരും കൂടി കടുവയെ പിടിക്കാൻ എത്തി. മൂന്ന് ഡിഎഫ്ഒമാർ, വനം വകുപ്പിന്റെ വിവിധ ജില്ലകളിൽ നിന്നുളള ഡോക്ടർമാരും എത്തി.
വാഹനങ്ങൾക്ക് ഇന്ധനം, പ്രത്യേക അലവൻസുകൾ, മറ്റ് ചെലവുകൾ, എന്നിവയെല്ലാം കൂടി ലക്ഷങ്ങളാണ് ഒരു ദിവസം ചെലവാക്കിയത്. സാമൂഹിക ക്ഷേമ പെൻഷൻ നൽകാൻ പോലും പണം ഇല്ല എന്ന് സർക്കാർ വിലപിക്കുന്നതിന് ഇടയിലാണ് കുരുങ്ങി കിടക്കുന്ന ഒരു കടുവയെ മയക്കുവെടി വച്ച് പിടിച്ച് കൂട്ടിലാക്കാൻ ലക്ഷങ്ങൾ പൊടിച്ച് ഉദ്യോഗസ്ഥരെ നിയോഗിച്ചത്.
തൃശൂർ മൃഗശാലയിലേക്കു കൊണ്ടുപോകുന്നതിനിടെ അർധരാത്രിയോടെ കടുവ ചത്തിരുന്നു. കടുവയുടെ പോസ്റ്റ്‌മോർട്ടം വയനാട് പൂക്കോടു വച്ച് നടത്തുമെന്ന് അധികൃതർ അറിയിച്ചു. അർധരാത്രി 12നും ഒരു മണിക്കും ഇടയിൽ കോഴിക്കോടുവച്ചാണ് കടുവ ചത്തതെന്നാണ് വിവരം. രാവിലെ ആറിനും ഏഴിനും ഇടയിൽ തൃശ്ശൂർ മൃഗശാലയിൽ കടുവയെ എത്തിക്കുമെന്നായിരുന്നു മൃഗശാല അധികൃതരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ മൃഗശാല സൂപ്രണ്ടും മറ്റുജീവനക്കാരും കടുവയെ കൊണ്ടുവന്നാൽ ചികിത്സിക്കുന്നതിനും പാർപ്പിക്കുന്നതിനും ഉൾപ്പടെയുളള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ആറുമണിയോടെ കണ്ണൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോഴാണ് കടുവ ചത്തതായി വിവരം ലഭിച്ചത്.
കടുവയെ തുറന്നു വിടുന്ന സ്ഥലം ഏതെന്ന് രേഖാമൂലം ഉറപ്പു നൽകാതെ വിട്ടയയ്ക്കില്ല എന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകവും ഭരണസമിതി അംഗങ്ങളും പ്രഖ്യാപിച്ചിരുന്നു. ഇതിന് തയാറാകാതെ രാത്രിയിൽ മടങ്ങാൻ ശ്രമിച്ച കണ്ണൂർ ഡിഎഫ്‌ഒ പി.കാർത്തിക്കിനെ പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേർന്ന് തടഞ്ഞു. കണ്ണവം വനത്തിലേക്ക് കൊണ്ടുപോകാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്ന് അറിഞ്ഞതോടെയാണ് പ്രതിഷേധം ശക്തമായത്. കടുവയെ തൃശൂർ മൃഗശാലയിലേക്ക് കൊണ്ടു പോകണമെന്ന് സണ്ണി ജോസഫ് എംഎൽഎയും വനം വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
കടുവയെ തൃശൂരിലേക്ക് കൊണ്ടു പോകുമെന്ന് ഡിഎഫ്ഒ രേഖാമൂലം ഉറപ്പ് നൽകിയ ശേഷം രാത്രി 8.45 ഓടെയാണ് കടുവയുമായി വനപാലക സംഘം തൃശൂരിലേക്ക് പുറപ്പെട്ടത്. തൃശൂരിലേക്കുതന്നെ കൊണ്ടുപോകുന്നു എന്ന് ഉറപ്പാക്കാൻ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, പഞ്ചായത്തംഗം ബാബു മാങ്കോട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സംഘവും അനുഗമിച്ചു. കടുവയെ സംഭവ സ്ഥലത്തു നിന്നു മാറ്റുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞു. കൊട്ടിയൂർ വന്യജീവി സങ്കേതത്തിൽ കടുവയെ തുറന്നുവിടുമെന്ന ആരോപണവുമായാണ് ഇത്.