Spread the love
പൊലീസ് ആസ്ഥാനത്തുനിന്ന് ലക്ഷങ്ങൾ വിലയുള്ള ചന്ദനമരം മുറിച്ചുകടത്തി

മാങ്ങാട്ടുപറമ്പിലെ സായുധ പൊലീസ് നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ വളപ്പില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ചന്ദനമരം മുറിച്ചുകടത്തി. യന്ത്രവാള്‍ കൊണ്ട് ചന്ദനമരം പൂര്‍ണമായി മുറിച്ച് ചില്ലകള്‍പോലും സ്ഥലത്ത് ഉപേക്ഷിക്കാതെ വാഹനത്തില്‍ കടത്തി. മരത്തിന്റെ കുറ്റി മാത്രമേ ഇവിടെ അവശേഷിച്ചിട്ടുള്ളൂ. 24 മണിക്കൂറും പാറാവും നിരീക്ഷണവുമുള്ള ഇവിടെ റൂറല്‍ പൊലീസ് മേധാവിയുടെ ആസ്ഥാനമുള്‍പ്പെടെ പൊലീസിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മരം മുറിച്ച സ്ഥലം ഇപ്പോള്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയനിലയിലാണ്. 30 സെന്റിമീറ്ററിലേറെ വണ്ണമുള്ള മരം മുറിച്ചതായാണ് കെഎപി നാലാം ബറ്റാലിയന്‍ അസി. കമാന്‍ഡന്റ് സജീഷ് ബാബു പൊലീസില്‍ പരാതി നല്‍കിയത്. ദേശീയപാതയോടു ചേർന്നുള്ള കെഎപി ഗേറ്റിൽ മാത്രമേ രാത്രി പാറാവുകാർ ഉണ്ടാവുകയുള്ളൂ. എന്നാൽ റൂറൽ പൊലീസ് ആസ്ഥാനം കൂടി ക്യാമ്പിനോടു ചേ‍ർന്നു പ്രവർത്തിക്കുന്നതിനാൽ ഇപ്പോൾ മുഴുവൻ സമയവും പൊലീസ് സാന്നിധ്യവുമുണ്ടാകും. നേരത്തേയും പലതവണ കെഎപി ആസ്ഥാനത്തുനിന്ന് ചന്ദനമരം മോഷണം പോയിരുന്നെങ്കിലും പരാതിപ്പെടാതെ മൂടിവെച്ചതായും ആക്ഷേപമുണ്ട്.

Leave a Reply