കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരം പെർഫ്യൂം ആക്കി വാങ്ങി ലക്ഷ്മി നക്ഷത്ര. രേണുവിന്‍റെ മനസ്സിൽ നാളുകളായി സൂക്ഷിച്ചിരുന്ന വലിയൊരു ആഗ്രഹമാണ് സുധിയുടെ സുഹൃത്തും അവതാരകയുമായ ലക്ഷ്മി നക്ഷത്ര സാധിച്ചു കൊടുത്തത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വച്ചിരുന്നു. പെർഫ്യൂം ഉണ്ടാക്കുന്നതിന്റെ നിമിഷങ്ങളെല്ലാം പുതിയ യൂട്യൂബ് വിഡിയോയിലൂടെ ലക്ഷ്മി പങ്കുവച്ചിട്ടുണ്ട്.
മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും മനസ്സിലാക്കി അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്റെ ഭർത്താവിന്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്ന ആഗ്രഹത്തിൽ നിന്നാണ് കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റാൻ സഹായിക്കാമോയെന്ന് രേണു ലക്ഷ്മിയോട് ചോദിച്ചത്. തുടര്‍ന്ന് ദുബായ് മലയാളിയായ യൂസഫ് ആണ് മണം പെർഫ്യൂമാക്കി മാറ്റി നല്‍കിയത്. സുധി ചേട്ടന്റെ ഗന്ധം അതുപോലെ ഫീൽ ചെയ്യുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്.
‘‘ഇങ്ങനെ ഒരാവശ്യം രേണു പറഞ്ഞപ്പോള്‍ പലരും പറഞ്ഞ പേരായിരുന്നു യൂസഫ് ഭായിയുടേത്. എന്തിന് ഇത് വിഡിയോ ആക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി ചെയ്ത് രേണുവിനെ ഏല്‍പിച്ചാല്‍ പോരെ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ പറഞ്ഞ ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാൻ കൂടിയായിരുന്നു ഈ വിഡിയോ. മാത്രമല്ല, ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ വിഡിയോ ഒരു പ്രചോദനം ആകട്ടെ.’’–ലക്ഷ്മി നക്ഷത്രയുടെ വാക്കുകൾ.
ലക്ഷ്മി നക്ഷത്രയ്ക്കു നന്ദി പറഞ്ഞു രേണുവും എത്തി. ‘ചിന്നു, എത്ര നന്ദി പറഞ്ഞാലും മതിയാകുന്നില്ല. ഒരുപാട് നന്ദി. സുധിച്ചേട്ടന്റെ മണം ഉണ്ടാക്കിച്ചതിന് യൂസഫ് ഇക്കയ്ക്കും നന്ദി.’’–രേണുവിന്റെ വാക്കുകൾ.
അതേ സമയം ലക്ഷ്മിയുടെ വിഡിയോയ്ക്കു നേരെ വലിയ വിമർശനവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ‘‘എല്ലാ കാര്യവും നല്ലതാണ്. പക്ഷേ ഒരു പരിധിയിൽ കൂടിയാൽ എല്ലാവരും വെറുക്കും.’’, ‘‘ഈ യൂട്യൂബ് തുടങ്ങിയതിനു ശേഷം കാഴ്ചക്കാരെ കൂട്ടാൻ വേണ്ടിയിട്ട് ഉള്ള മാർഗങ്ങൾ’’, എന്നിങ്ങനെയാണ് കമന്റുകൾ.