മലയാളി പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ചാന്തുപൊട്ട്. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത് ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ദിലീപിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നും. എന്നാല്‍ ചിത്രത്തിലെ ദിലീപിന്റെ സ്‌ത്രൈണതയുള്ള രാധാകൃഷ്ണന്‍ എന്ന കഥാപാത്രം വലിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തെ തുടര്‍ന്ന് ഉണ്ടായ ഈ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ദിലീപ് അവതരിപ്പിച്ച വേഷം ട്രാന്‍സ്‌ജെന്‍ഡറിന്റേതായിരുന്നില്ലെന്നും. ചിത്രത്തില്‍ ദിലീപ് അഭിനയിച്ച രാധ എന്ന കഥാപാത്രം ട്രാന്‍സ് വ്യക്തിയല്ല എന്നും അയാളൊരു പുരുഷനാണെന്നും ലാല്‍ ജോസ് വ്യക്തമാക്കി. നേരത്തെയും ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ വീണ്ടും ലാല്‍ ജോസിന്റെ ഈ വാക്കുകള്‍ ചര്‍ച്ചയാവവുകയാണ്.
” ചാന്ത്‌പൊട്ട് എന്ന സിനിമയുടെ പേരില്‍ തന്നെ കടിച്ചുകീറാന്‍ വന്ന ആളുകള്‍ക്ക് അറിയാത്ത കാര്യം അതിലെ രാധാകൃഷ്ണന്‍ എന്ന കഥാപാത്രം പുരുഷന്‍ തന്നെയാണെന്നായിരുന്നു. ദിലീപിന്റെ കഥാപാത്രം ഒരു പെണ്‍കുട്ടിയെയാണ് പ്രേമിക്കുന്നത്. അതില്‍ ഒരു കുഞ്ഞ് പിറക്കുന്നുണ്ട്. അവന് ആകെയുണ്ടായിരുന്നത് അവന്റെ പെരുമാറ്റത്തിലുളള സ്‌ത്രൈണത മാത്രമാണ്. അത് അവന്‍ വളര്‍ന്ന സാഹചര്യവുമായി ബന്ധപ്പെട്ടിട്ടുളളതാണ്.
അവന്റെയൊപ്പമുളള പെണ്‍കുട്ടിയുമായി പ്രണയം ഉണ്ടാകുന്നുണ്ട്. അവന് സെക്‌സ് ഉണ്ടാകുന്നുണ്ട്. അതില്‍ കുഞ്ഞ് ഉണ്ടാകുന്നുണ്ട്. ചാന്തുപൊട്ട് ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥ ആണെന്നാണ് ഇപ്പോഴും ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് തന്റെ പരാജയമായിട്ടാണ് താന്‍ കാണുന്നത്. കാരണം ആ സിനിമ മുഴുവന്‍ കണ്ടിട്ട് അത് ട്രാന്‍സ്‌ജെന്‍ഡറുടെ കഥ ആണെന്ന് മനസിലാക്കുന്ന അവര്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. അല്ലെങ്കില്‍ അത് കൃത്യമായി അവര്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ എനിക്ക് എന്തോ പ്രശ്‌നമുണ്ട്. അങ്ങനെ മാത്രമേ ഞാന്‍ ആ വിവാദത്തെ എന്നും നോക്കി കാണുന്നുളളു.” ലാല്‍ജോസ് പറയുന്നു.