സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ പോസ്റ്റർ വൈറൽ ആവുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം. ചിത്രം വിചാരിച്ചതിലും ആഴത്തിൽ പ്രേക്ഷകർ ഏറ്റെടുത്തതോടെ നന്ദിക്കുറിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് ലാലേട്ടനും.
ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാത്തിനുമുപരി സത്യസന്ധതയോടെയായിരുന്നു തുടരും എന്ന ചിത്രം തങ്ങൾ ഒരുക്കിയെടുത്തതെന്നും ഇവ അംഗീകരിക്കപ്പെടുന്നതിൽ വലിയ സന്തോഷം ഉണ്ടെന്നുമാണ് മോഹൻലാൽ വ്യക്തമാക്കിയത്.
മോഹന്‍ലാലിന്റെ കുറിപ്പ്
തുടരും’ സിനിമയോടുള്ള സ്‌നേഹവും ഹൃദയംഗമമായ പ്രതികരണങ്ങളും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത തരത്തിലാണ് ഓരോ സന്ദേശങ്ങളും അഭിനന്ദനങ്ങളും എന്നെവന്ന് തൊടുന്നത്. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയം തുറന്നതിന്, അതിന്റെ ആത്മാവ് കണ്ടെത്തിയതിന്, ഇത്രയും സ്‌നേഹത്തോടെ സ്വീകരിച്ചതിന് നന്ദി.
ഈ നന്ദി എന്റേത് മാത്രമല്ല. ഈ യാത്രയില്‍ ഓരോ ഫ്രെയ്മിനും സ്‌നേഹവും പ്രയത്‌നവും ആത്മാവും പകര്‍ന്ന് എനിക്കൊപ്പം നടന്ന ഓരോ വ്യക്തികളുടേതുമാണ്. രഞ്ജിത്ത് എം, തരുണ്‍ മൂര്‍ത്തി. കെ.ആര്‍. സുനില്‍, ശോഭന, ബിനു പപ്പു, പ്രകാശ് വര്‍മ, ഷാജി കുമാര്‍, ജേക്‌സ് ബിജോയ്, പകരംവെക്കാനില്ലാത്ത ഞങ്ങളുടെ ടീം- നിങ്ങളുടെ കലാപരമായ കഴിയും അഭിനിവേശവുമാണ് തുടരും എന്താണോ അതാക്കിയത്. ശ്രദ്ധയോടെ, ലക്ഷ്യബോധത്തോടെ, എല്ലാത്തിനുമുപരി സത്യസന്ധതയോടെയാണ് ചിത്രം നിര്‍മിച്ചത്. ഇത്രയും ആഴത്തില്‍ അത് പ്രതിധ്വനിക്കുന്നത് കാണുന്നത് മറ്റേതൊരു പ്രതിഫലത്തേക്കാളും കൂടുതലാണ്. ഇതൊരു അനുഗ്രഹമാണ്. എല്ലാവര്‍ക്കും ഹൃദയംഗമമായ നന്ദി.
എന്നെന്നും സ്‌നേഹത്തോടെയും നന്ദിയോടെയും നിങ്ങളുടെ സ്വന്തം മോഹന്‍ലാല്‍