പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആനന്ദിപ്പിച്ചതും വിവിധ ബ്രാൻഡുകളിലേക്ക് അടുപ്പിച്ചതുമായ ഒട്ടുമിക്ക ഹിറ്റ് പരസ്യങ്ങളുടെയും പിന്നിൽ തുടരും എന്ന ചിത്രത്തിലെ സൂപ്പർ വില്ലൻ പ്രകാശ് വർമയാണ് എന്ന് കേട്ടപ്പോൾ മലയാളികൾ പലരും ഒന്ന് ഞെട്ടിയിരുന്നു. പ്രകാശ് വർമ്മ സംവിധാനം ചെയ്ത വോഡഫോണിന്റെ സൂസൂ പരസ്യവും പഗ് നായ്ക്കുട്ടിയെ വച്ചുള്ള പരസ്യങ്ങളും അത്ര കണ്ട് സകലരെയും രസിപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലിതാ ലാലേട്ടനുമായി കൈ ചേർത്ത് ഒരു ജ്വല്ലറിക്കായി പ്രകാശ് വർമ സംവിധാനം ചെയ്ത പരസ്യ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൻ വൈറലും കലാരംഗത്തും ജനങ്ങൾക്കുമിടയിൽ ചർച്ചയുമായി മാറിക്കൊണ്ടിരിക്കുന്നത്.
ജ്വല്ലറി മാർക്കറ്റിംഗ് തുടങ്ങിയ കാലം മുതലേ പരസ്യ ചിത്രങ്ങളിൽ എന്നും സ്ത്രീകളാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഈ പതിവ് രീതിയാണ് പ്രകാശ് വർമ്മ ഇത്തവണ നടന രാജാവ് ലാലേട്ടനെ വച്ച് ബ്രേക്ക് ചെയ്തിരിക്കുന്നത്. ഒരുപക്ഷേ പ്രേക്ഷകർ ഒരിക്കലും ഒരു ജ്വല്ലറി പരസ്യത്തിൽ ഡയമണ്ട് മാലയും കൈവളയും മോതിരവുമണിഞ്ഞ് ഒരു പുരുഷനെ സങ്കൽപ്പിച്ചിരിക്കില്ല. പ്രത്യേകിച്ച് അല്പം സ്ത്രണൈ ഭാവത്തിൽ പ്രത്യക്ഷപ്പെടുന്ന ലാലേട്ടനെ. ഇവിടെയാണ് മോഹൻലാൽ എന്ന നടന വിസ്മയവും പരസ്യ ചിത്രവും അതേപോലെ സംവിധായകൻ പ്രകാശ് വർമയും വ്യത്യസ്തരാകുന്നത്. ഇപ്പോഴിതാ പരസ്യ ചിത്രത്തെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ അനൂപ് മേനോൻ.
അനൂപ് മേനോന്റെ കുറിപ്പിന്റെ പൂർണരൂപം:
‘പരസ്യ ചിത്രം ദാ ഇപ്പോൾ കണ്ടതേയുള്ളൂ. വൈകിപ്പോയെന്നറിയാം. ഒരിക്കൽക്കൂടി ലാലേട്ടനിലെ നടൻ എന്നെ വിസ്മയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് ലിംഗഭേദങ്ങളെയും ഒരേ മികവോടെയും അനായാസേനയും ധൈര്യത്തോടെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ഡസനോളം മികച്ച അഭിനേതാക്കൾ ചുറ്റുമുണ്ടെങ്കിൽ പോലും ഈ മനുഷ്യൻ നിങ്ങളുടെ കാഴ്ചയിൽ പതിഞ്ഞാൽ പിന്നെ മറ്റാരെയും നോക്കാൻ തോന്നില്ല. അദ്ദേഹത്തിന് സ്വന്തം രൂപത്തെക്കുറിച്ചോ കണ്ണിന് താഴെവരുന്ന ചുളിവുകളെക്കുറിച്ചോ, അല്ലെങ്കിൽ ഏതെങ്കിലും ആംഗിളിൽ കാണാൻ മോശമായിപ്പോയോ എന്നൊന്നും ഒരു വേവലാതിയുമില്ല, സ്വന്തം രൂപത്തെപ്പറ്റി ലവലേശം പോലും ആശങ്കകളില്ല. തന്റെ കല നൽകുന്ന ആഹ്ലാദത്തിൽ അദ്ദേഹം സ്വയം മുഴുകി അതൊരു സ്വാഭാവിക പ്രക്രിയയെന്നോണം അതിന്റെ ഒഴുക്കിൽ ആസ്വദിച്ചൊഴുകുകയാണ്. ഈ പ്രക്രിയ എത്രമാത്രം കഠിനമാണെന്ന രീതിയിൽ വലിയ പ്രസംഗങ്ങളില്ല, ഓരോ ദിവസവും തന്റെ കഴിവ് എങ്ങനെ മെച്ചപ്പെടുത്താമെന്നോ എത്രമാത്രം അർപ്പണബോധമുള്ളവനാണെന്നതിനെക്കുറിച്ചോ മടുപ്പിക്കുന്ന ആലോചനകളില്ല.
ഒരു നല്ല ടേക്കിന് ശേഷം സത്യസന്ധമായ ഒരു പുഞ്ചിരി കാഴ്ചവച്ച് ചുറ്റുമുള്ള ലൈറ്റ് ബോയ്സിനോട് കുസൃതി പറഞ്ഞ് അടുത്ത ഷോട്ടിലേക്ക് കടക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. നെഗറ്റീവ് ചിന്തകളില്ല, ദുർവികാരങ്ങളില്ല, ചെളിവാരിയേറുന്ന പ്രവണതയില്ല, അമിത ആത്മവിശ്വാസമുള്ളപ്പോഴും വിവേകത്തോടെ എളിമയുള്ളവൻ, താൻ എത്ര വലിയവനാണെന്ന് സ്വയം ഓർമ്മപ്പെടുത്തലില്ല. അദ്ദേഹം ഏറ്റവും മികച്ച നടനായകൻ കാരണം ശുദ്ധമായ മനസ്സും സദ് ചിന്തകളുമാണ് നല്ലൊരു മനുഷ്യനുവേണ്ട ഗുണമെന്ന ഉദാത്തമായ തിരിച്ചറിവാണ്.
ആളുകൾ ഓരോ നിമിഷവും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ മത്സരിക്കുന്ന ഇക്കാലത്ത് ഈ മനുഷ്യൻ സ്പോട്ട് ബോയിയെയും സൂപ്പർസ്റ്റാറിനെയും ഒരേ ഊഷ്മളതയോടെ ആശ്ലേഷിച്ചുകൊണ്ട് ദയയുടെയും ഒത്തുചേരലിന്റെയും ഒരു ലോകം കെട്ടിപ്പടുക്കുകയാണ്. ഈ പരസ്യം കണ്ടപ്പോൾ ഒരു വലിയ സർഗ്ഗാത്മക സൗഹൃദത്തിനും സാക്ഷ്യം വഹിച്ചപോലെയാണ് തോന്നിയത്. പ്രകാശേട്ടാ, ലോർഡ്‌സിൽ നിന്ന് ഹൈഡ് പാർക്ക് ഹോളോസിലേക്ക് നിങ്ങൾ പന്തടിച്ച് പറത്തുന്നതിന് തുല്യമാണിത്. നിങ്ങൾ രണ്ടുപേരും ചേർന്ന് മായാജാലം തീർക്കാൻ പോകുന്ന ഒരു മികച്ച സിനിമയ്ക്കായി കാത്തിരിക്കുന്നു. സ്നേഹത്തോടെ അനൂപ് മേനോൻ.’







