Spread the love

പെരുമ്പാവൂർ ∙ കാലടി സമാന്തര പാലം നിർമാണത്തിനു സ്ഥലം വിട്ടുനൽകിയ ഉടമകൾക്ക് ഒരു മാസത്തിനുള്ളിൽ നഷ്ട പരിഹാര തുക കൊടുക്കും. ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെയും കലക്ടർ എൻ. എസ്. കെ. ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന നിർമാണ പുരോഗതി അവലോകന യോഗത്തിലാണ് തീരുമാനം. ഭൂമി വിട്ടു നൽകുന്നവർ ഉന്നയിച്ച ആശങ്കകൾക്കു യോഗത്തിൽ മറുപടി നൽകി. ഓരോ വ്യക്തിക്കും നഷ്ടമാകുന്ന സ്ഥലത്തിന് ന്യായമായ വില ലഭ്യമാക്കും.ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിലെ കാലതാമസം പരിഹരിക്കുമെന്നും ഒരു മാസത്തിനുശേഷം അന്തിമമായി ഇതുമായി ബന്ധപ്പെട്ട യോഗം ചേർന്നു നഷ്ടപരിഹാരത്തുക നൽകുമെന്നും എൽദോസ് കുന്നപ്പിള്ളി എംഎൽഎ പറഞ്ഞു.

കാലടി പാലത്തിന്റെ നിർമാണം വേഗത്തിൽ നടന്നുവരികയാണെന്നും ഭൂമി ഏറ്റെടുത്ത ഉടനെ തന്നെ പ്രദേശത്തെ പൈലിങ് ജോലികൾ തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. റോജി എം. ജോൺ എംഎൽ എ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ലാൻഡ് അക്വിസിഷൻ തഹസിൽദാർ സോണി ബേബി, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ജെ.സജിന, പൊതുമരാമത്ത് വകുപ്പു കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എ.എ.അലിയാർ എന്നിവർ പ്രസംഗിച്ചു.

Leave a Reply