പെരിന്തൽമണ്ണ: പാതായ്ക്കരയിൽ വൻ തീപിടുത്തം. മിറാക്കിൾ ടയർ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. പെരിന്തൽമണ്ണ അഗ്നിശമന സേനയെത്തി തീയണച്ചു.
വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിർത്തിയ ഫാക്ടറിയുടെ മുറ്റത്ത് കൂട്ടിയിട്ട ടയർ അവശിഷ്ടങ്ങളിലാണ് തീപടർന്നത്. കനത്ത ചൂടും കാറ്റും കാരണം തീ വേഗത്തിൽ പടർന്നു. കറുത്ത പുക കണ്ടു ഓടിക്കൂടിയ നാട്ടുകാർക്ക് തീയണക്കാൻ സാധിച്ചിരുന്നില്ല. ഇരു നില കെട്ടിടത്തിന് ഉയരത്തിൽ തീ പടർന്നു പിടിച്ചിരുന്നു. തുടർന്ന് അഗ്നിശമന സേനയെത്തി ഒരു മണിയോടെയാണ് തീ അണച്ചത്.
ടയർ കത്തിയുണ്ടായ കറുത്ത പുകയും ചൂടും കാരണം ആർക്കും പ്രദേശത്തേക്ക് അടുക്കാൻ പോലും സാധിക്കുമായിരുന്നില്ല. ടയർ ഫാക്ടറിയുടെ തൊട്ടടുത്തെല്ലാം വീടുകളും കൃഷിസ്ഥലങ്ങളും ഉണ്ടായിരുന്നു. കൃത്യസമയത്ത് തീയണക്കാൻ സാധിച്ചത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവായെന്ന് നാട്ടുകാർ പറയുന്നു.