
നിലമ്പൂർ: കോവിഡിൻറെ ഭാഗമായി നിർത്തലാക്കിയ നിലമ്പൂർ- ഷൊർണൂർ പാതയിലെ അവസാന ജോഡി ഷൊർണൂർ- നിലമ്പൂർ ട്രെയിൻ സർവിസ് കൂടി പുനഃസ്ഥാപിച്ചു. ജൂലൈ ഒന്നു മുതൽ സർവിസ് ആരംഭിക്കും. ഇതോടെ കോവിഡിന് മുമ്പ് പാതയിൽ സർവിസ് നടത്തിയിരുന്ന 14 ട്രെിനുകളും പുനഃസ്ഥാപിക്കപ്പെട്ടു. മുഴുവൻ സർവിസുകളും പുനഃസ്ഥാപിച്ചെങ്കിലും മുമ്പുണ്ടായിരുന്ന സമയ ക്രമത്തിൽ മാറ്റം വരുത്തിയത് യാത്രക്കാർക്ക് തിരിച്ചടിയാവും. നേരത്തേ ഷൊർണൂരിൽ നിന്ന് കണക്ഷൻ ലഭിച്ചിരുന്ന മംഗലാപുരം- തിരുവനന്തപുരം, കണ്ണൂർ- യശ്വന്തപൂർ (ബംഗളൂരു), മംഗലാപുരം- ചെന്നൈ എക്സ്പ്രസ് വണ്ടികൾക്കുള്ള കണക്ഷൻ ഇല്ലാതാക്കിയാണ് പുതിയ സമയക്രമം. മുമ്പ് 7.30ന് ഷൊർണൂർ നിന്ന് ആരംഭിച്ചിരുന്നത് ഇപ്പോൾ 8.10ന് ആക്കി. ഇത് യാത്രക്കാർക്ക് ഏറെ തിരിച്ചടിയാവും. സമയം കുറുച്ചു കൂടി വൈകിപ്പിച്ച് എറണാകുളം- ഷൊർണൂർ മെമുവിനോ തിരുവനന്തപുരം- കണ്ണൂർ ജന ശതാബ്ദിക്കോ കണക്ഷൻ ആക്കണമെന്ന ആവശ‍്യവും ദക്ഷിണ റെയിൽവേ പരിഗണിച്ചില്ല. നിലമ്പൂർ റെയിൽവേ ആക്ഷൻ കൗൺസിൽ നേരിട്ടും എം.പിമാർ വഴിയും പുതിയ സമയ ക്രമത്തിനെതിരെ പരാതി നൽകിയതാണ്. യാത്രക്കാർക്ക് ഗുണകരമാവുന്ന ബദൽ സമയക്രമവും ചൂണ്ടിക്കാണിച്ചിരുന്നു.