Spread the love
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ലതാ മങ്കേഷ്കറിന് മുംബൈ ശിവജി പാർക്കിൽ അന്ത്യവിശ്രമം

പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്കറിന് സംസ്ക്കാര ചടങ്ങുകൾ നടത്തി. ദേശീയ പതാക കൊണ്ട് പൊതിഞ്ഞ ലതാ മങ്കേഷ്‌കറിന്റെ ഭൗതികശരീരം പുഷ്പങ്ങളാൽ അലങ്കരിച്ച ട്രക്കിൽ ദക്ഷിണ മുംബൈയിലെ അവരുടെ വസതിയിൽ നിന്ന് ശിവജി പാർക്കിലേക്ക് കൊണ്ടുപോയി. അവിടെ ‘മേരി ആവാസ് ഹി പെഹ്ചാൻ ഹേ’ എന്ന ഗാനം പിന്നണിയിൽ കേൾപ്പിച്ചുകൊണ്ടായിരുന്നു സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്. സംസ്ക്കാര ചടങ്ങുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്നിഹിതനായിരുന്നു. സഹോദരി ആശ ഭോസ്ലെ, ദേവേന്ദ്ര ഫഡ്‌നാവിസ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ, നടി ശ്രദ്ധ കപൂർ തുടങ്ങിയവർ ശിവജി പാർക്കിൽ എത്തിയിരുന്നു.

ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8:12 നായിരുന്നു ‘മെലഡിയുടെ രാജ്ഞി’ എന്നും ‘ഇന്ത്യയുടെ വാനമ്പാടി’ എന്നും അറിയപ്പെട്ടിരുന്ന മങ്കേഷ്‌കറുടെ അന്ത്യം. മുംബൈ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇൻഡോറിൽ ജനിച്ച മങ്കേഷ്‌കർ തലമുറകളോളം സ്‌ക്രീനിൽ തിളങ്ങിയ താരങ്ങളുടെ ശബ്ദമായി തുടർന്നു. 1942-ൽ 13-ാം വയസ്സിൽ തന്റെ കരിയർ ആരംഭിച്ച അവർ, ഏഴ് ദശാബ്ദക്കാലത്തെ സംഗീത ജീവിതത്തിൽ നിരവധി ഇന്ത്യൻ ഭാഷകളിലായി 30,000-ലധികം ഗാനങ്ങൾ ആലപി ച്ചിട്ടുണ്ട്.

Leave a Reply