പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന ‘സ്റ്റാർസ്’ പദ്ധതിക്ക് തുടക്കമാകുന്ന ഏകദിന ശില്പശാല പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്തു. പ്രീ സ്‌കൂൾ വിദ്യാഭ്യാസം, മൂല്യനിർണയം, അധ്യാപക പരിശീലനം, അക്കാദമികമാനേജ്‌മെന്റ്, തൊഴിൽനൈപുണി വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പുതിയ ദേശീയ വിദ്യഭ്യാസ നയം നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി ടീച്ചിംഗ് ലേണിംഗ് ആന്റ് റിസൾട്ട്സ് ഫോർ സ്റ്റേറ്റ്സ് പദ്ധതിക്ക് (സ്റ്റാർസ്) അംഗീകാരം ലഭിച്ചതായി ജാവദേക്കർ പറഞ്ഞു. കേരളമുൾപ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് സ്റ്റാർസ് പദ്ധതി നടപ്പിൽ വരുത്തുന്നത്. 5718 കോടി ചെലവ് പ്രതീക്ഷിക്കുന്ന സ്റ്റാർസ് പദ്ധതിക്ക് ലോകബാങ്കിന്റെ പിന്തുണയുണ്ട്. 3700 കോടി രൂപയുടെ സഹായമാണ് ലോകബാങ്കിൽ നിന്ന് ലഭിക്കുക. സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുക, സംസ്ഥാനതലത്തിൽ വിദ്യാഭ്യാസ സേവനങ്ങളുടെ വിതരണം മെച്ചപ്പെടുത്തുക, സംസ്ഥാനങ്ങൾ തമ്മിലുള്ള വിദ്യാഭ്യാസ പ്രക്രിയകൾക്ക് പങ്കാളിത്തം വികസിപ്പിക്കുക തുടങ്ങിയവ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഗുണനിലവാരത്തിലധിഷ്ഠിതമായ വിദ്യാഭ്യാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് സ്റ്റാർസ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.