Spread the love

അഗർത്തല: തൃപുരയിൽ വിവാഹത്തിനായി മാത്രമുള്ള മതപരിവർത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നു. ഉത്തർപ്രദേശിൽ വിവാഹത്തിനായുള്ള മതംമാറ്റം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാക്കികൊണ്ടുള്ള യുപി സർക്കാറിന്‍റെ ഉത്തർപ്രദേശ് മതപരിവർത്തന നിരോധന ഓർഡിനൻസ് (2020) ഗവർണര്‍ അംഗീകരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തൃപുരയിലും സമാന ആവശ്യം ഉയരുന്നത്. ബിജെപി ഭരണത്തിലിരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നിയമങ്ങൾ കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു.

ഈ ലോക്ക് ഡൗണ്‍ കാലത്ത് മാത്രം ഒൻപത് ലൗ ജിഹാദ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നാണ് ഹിന്ദു ജാഗരൺ മഞ്ച് തൃപുര യൂണിറ്റ് പ്രസിഡന്‍റ് ഉത്തം ദേ ആരോപിച്ചത്. അതുകൊണ്ട് തന്നെ വിവാഹത്തിനായുള്ള മതപരിവർത്തനത്തിനെതിരെ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഹിന്ദു ജാഗരൺ മഞ്ചിന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങളും സംഘടിപ്പിച്ചിരുന്നു.’ലൗ ജിഹാദ് നമ്മുടെ സമൂഹത്തിനും ഹിന്ദു സ്ത്രീകൾക്കും ഭീഷണിയാണ്. ഹിന്ദു പെൺകുട്ടികളെ സംരക്ഷിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു. ഇതിനെതിരെ ഒരു നിയമം നടപ്പാക്കിയില്ലെങ്കിൽ, ഈ ഭീഷണി തുടരും’ എന്നാണ് ഉത്തം ദേ ആരോപിക്കുന്നത്. ഈയടുത്ത് രണ്ട് ‘ലൗ ജിഹാദ്’ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടെങ്കിലും ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. എന്നാൽ വലതുപക്ഷ നേതാവിന്‍റെ ‘ലൗ ജിഹാദ്’ആരോപണങ്ങൾ പൊലീസ് നിഷേധിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണത്തിൽ ആ കുട്ടി പ്രായപൂർത്തിയായതാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോയതെന്നുമാണ് പൊലീസിന്റെ വാദം.

Leave a Reply