സാമ്പത്തിക ക്രമക്കേടിന് പുറത്താക്കിയ ആളെ തിരിച്ചെടുത്ത് എൽഡിഎഫ് ബാങ്ക് ഭരണസമിതി. കൊല്ലം അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ ആണ് സംഭവം. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അക്കൗണ്ടന്‍റ് സജീവിനെയാണ് പുറത്താക്കി ആറ് മാസം തികയും മുന്പേ തിരിച്ചെടുത്തത്. ഇൻവസ്റ്റ്മെന്റ് പലിശ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ നൽകിയ പണം, സാമൂഹ്യ സുരക്ഷ പെൻഷൻ തുടങ്ങിയവ മറ്റ് അക്കൗണ്ടുകളിലേക്ക് വകമാറ്റി ക്രമക്കേട് നടത്തിയെന്നാണ് കൊല്ലം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം ഷഹീർ കണ്ടെത്തിയത്. വ്യാജ വിലാസമുണ്ടാക്കി ബാങ്ക് സെക്രട്ടറിയുടേയടക്കം പാസ് വേഡ് കൈക്കലാക്കിയായിരുന്നു തട്ടിപ്പ് അത്രയും നടത്തിയത്. ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം സജീവൻ തിരിച്ചടച്ചെന്നും മാനുഷിക പരിഗണന വച്ചാണ് നടപടിയെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.