Spread the love
പാലക്കാട് 14 വില്ലേജുകളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍

പാലക്കാട്: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിത ലോല മേഖലയാക്കണമെന്ന സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച്‌ പാലക്കാട് ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. ജില്ലയിലെ 14 വില്ലേജുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സുപ്രീംകോടതി വിധി ബാധിക്കുന്ന വില്ലേജുകളിലാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുകയെന്ന് എല്‍ഡിഎഫ് നേതാക്കള്‍ അറിയിച്ചു.

മലയോര മേഖലകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പദ്ധതി നടപ്പാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം കേന്ദ്രം അവഗണിച്ചുവെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിച്ചു. കിഴക്കഞ്ചേരി, മുതലമട, നെല്ലിയാമ്പതി, അഗളി, പുതൂര്‍, പാടവയല്‍, ഷോളയൂര്‍, കോട്ടത്തറ, കള്ളമല, പാലക്കയം, മലമ്പുഴ, പുതുപ്പരിയാരം, പുതുശ്ശേരി ഈസ്റ്റ് എന്നീ 14 വില്ലേജുകളിലാണ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

ആവശ്യ സര്‍വീസുകളായ പത്രം, ആശുപത്രി, വിവാഹം തുടങ്ങിയവ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരത്തെ, വിവിധ ജില്ലകളില്‍ എല്‍ഡിഎഫും യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഇടുക്കിയിലും വയനാട്ടിലും യുഡിഎഫ് ഹര്‍ത്താല്‍ ആചരിച്ചപ്പോള്‍ കണ്ണൂരിലും കോഴിക്കോടും മലയോരമേഖലകളിലും ഇടുക്കിയിലും എല്‍ഡിഎഫും ഹര്‍ത്താല്‍ ആചരിച്ചിരുന്നു.

Leave a Reply