വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ കുതിരാൻ ഇടത് തുരങ്കത്തിലുണ്ടായ ചോർച്ച തുടർന്നാൽ അപകടമെന്ന് തുരങ്കംനിർമിച്ച കരാർകമ്പനി വിലയിരുത്തൽ. തുരങ്കം ഗതഗാതത്തിന് തുറക്കുംമുമ്പ് തന്നെ പലസ്ഥലങ്ങളിലും ചോർച്ചയുണ്ടായെങ്കിലും ഇവിടങ്ങളിൽ ദ്വാരങ്ങളിട്ട് പൈപ്പ് വഴി വെള്ളം ചാലിലേക്ക് ഒഴുക്കുകയായിരുന്ന. ചോർച്ചയുള്ള ഭാഗം ക്രമേണ അടർന്ന് കല്ല് താഴേക്കുവീഴാനുള്ള സാധ്യതയുണ്ട്. . ഉരുക്കുപാളികൾ ഘടിപ്പിച്ച് ഒരുമീറ്റർ കനത്തിലുള്ള കോൺക്രീറ്റിങ്ങാണ് (ഗ്യാൻട്രി കോൺക്രീറ്റിങ്) തുരങ്കത്തിനുള്ളിൽ ചെയേണ്ടിയിരുന്നത്, എന്നാൽ പാറയ്ക്ക് ബലമുണ്ടെന്ന് ചൂണ്ടിക്കാട്ടി ആറുവരിപ്പാതാ മുഖ്യ കരാർകമ്പനിയായ കെ.എം.സി. പല ഭാഗങ്ങളിലും ഗ്യാൻട്രി കോൺക്രീറ്റിങ് ഒഴിവാക്കിയിരിക്കുകയാണ്. തുരങ്കത്തിന്റെ കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കരാർ കമ്പനി പ്രഗതി അധികൃതർ പറയുന്നു. മണ്ണിടിച്ചിൽ തടയാനായി ചെയ്തിട്ടുള്ള കോൺക്രീറ്റിങ് സുരക്ഷിതമല്ലെന്ന് പ്രഗതി ചൂണ്ടിക്കാട്ടുന്നു. മലമുകളിൽ നിന്ന് വെള്ളം തുരങ്കമുഖത്തേക്ക് നേരിട്ട് ഒഴുകിയിറങ്ങുന്നത് തടയുന്നതിനുള്ള ക്യാച്ച് വാട്ടർ ഡ്രെയിനേജ് സംവിധാനവും ഇല്ല.
ചോർച്ചയിൽ ആശങ്കവേണ്ടെന്നും വലതുതുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്ത ശേഷം ഇടതുതുരങ്കത്തിൽ പൂർണമായി ഗ്യാൻട്രി കോൺക്രീറ്റിങ് നടത്തുമെന്നും കെ.എം.സി. അധികൃതർ.