
ലക്നൗ∙ പാക്കിസ്ഥാൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്ഐ) ഏജന്റായി ജോലി ചെയ്തിരുന്ന വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഉത്തർപ്രദേശിൽ പിടിയിൽ. മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാൾ എന്നയാളെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (യുപി എടിഎസ്) ആണ് മീററ്റിൽ വച്ച് അറസ്റ്റ് ചെയ്തത്.
2021 മുതൽ ഇയാൾ മോസ്കോയിലെ എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നു. ഇന്ത്യൻ എംബസിയിൽ പാക്ക് ചാരൻ ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുപി എടിഎസിന്റെ കേസ്. ചോദ്യം ചെയ്യലിൽ ആദ്യം അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാതിരുന്ന സത്യേന്ദ്ര സിവാൾ, പിന്നീട് ചാരവൃത്തി നടത്തിയെന്ന് സമ്മതിക്കുകയായിരുന്നു.
ഇന്ത്യൻ സൈന്യത്തെക്കുറിച്ചും അതിന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ ചോർത്തുന്നതിനായി ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് പണം നൽകാറുണ്ടെന്ന് സത്യേന്ദ്ര സിവാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇന്ത്യൻ എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട ചില നിർണായക രഹസ്യവിവരങ്ങൾ ഐഎസ്ഐ അധികൃതർക്ക് ഇയാൾ കൈമാറിയതായും അറിയിപ്പുണ്ട്.