സെലിബ്രിറ്റികളോടുള്ള മാധ്യമങ്ങളുടെ തരംതാണ ചോദ്യങ്ങളും തിരിച്ച് മാധ്യമങ്ങളോടുള്ള സെലിബ്രിറ്റികളുടെ, തഗ് നിറഞ്ഞതും ധാഷ്ട്യം കലർന്നതും അവഗണനാപൂർണ്ണവുമായ ഉത്തരങ്ങളും എന്നും വിവാദ വിഷയങ്ങളാണ്. ഒരു താരം എന്നതിലുപരി അവരുടെ സ്വകാര്യ ജീവിതത്തെ പോലും അടുത്തറിയാൻ ശ്രമിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. എന്നാൽ മാധ്യമങ്ങളും ചെയ്യുന്നത് ജോലിയാണ് അവർക്കും അർഹിക്കുന്ന ബഹുമാനം കൊടുക്കാം.
ഇത്തരത്തിൽ അടുത്തിടെ മാധ്യമങ്ങളോടുള്ള ചില താരങ്ങളുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ ചില അഭിനേതാക്കൾ പരിഹസിക്കുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി ഗൗതമി നായർ. മാധ്യമങ്ങൾ ചെയ്യാൻ ശ്രമിക്കുന്നത് അവരുടെ ജോലിയാണ്. ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാർ ലഭിച്ചിട്ടില്ലലോ എന്നും നടി തന്റെ പോസ്റ്റ് ചൂണ്ടിക്കാണിക്കുന്നു.
‘മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ആർട്ടിസ്റ്റുകൾ പരിഹാസരൂപേണ പ്രതികരിക്കുന്ന നിരവധി അഭിമുഖങ്ങൾ ശ്രദ്ധയിൽ പെട്ടു. പ്രതികരണം ലഭിക്കുമെന്ന പ്രതീക്ഷയിൽ മാധ്യമങ്ങൾ അവരുടെ ജോലിയാണ് ചെയ്യുന്നത്. ഇത്രയും അഹന്തയോടെ പെരുമാറാൻ ഇവിടെ ആർക്കും ഓസ്കാർ ലഭിച്ചിട്ടൊന്നും ഇല്ല. ഇവിടെ മാധ്യമങ്ങൾ നിരപരാധികളാണെന്ന് ഞാൻ പറയുന്നില്ല. എന്നെക്കുറിച്ചും ഒന്നിലധികം ക്ലിക്ക് ബെയ്റ്റുകൾ ഉണ്ടായിട്ടുണ്ട്, അഭിമുഖങ്ങളിൽ ചോദിക്കുന്ന ചോദ്യങ്ങൾ ചിലപ്പോൾ അങ്ങേയറ്റം പ്രകോപനപരം ആയിരിക്കും, എങ്കിലും ഓരോരുത്തർക്കും അവർ ചോദിക്കാൻ തിരഞ്ഞെടുക്കുന്ന ചോദ്യങ്ങളും അവയോടുള്ള പ്രതികരണവും പരസ്പര ബഹുമാനത്തോടെയുള്ളതകാൻ ശ്രമിക്കാം. മറ്റുള്ളവരെ ബഹുമാനിക്കാനും താഴ്മയോടെ പെരുമാറാനും പഠിക്കൂ.’ ഗൗതമി പറയുന്നു.
അതേസമയം പോസ്റ്റ് വലിയ വൈറൽ ആയതോടെ സോഷ്യൽ മീഡിയയിൽ നിന്നും നടി ഇത് നീക്കം ചെയ്തു.