സ്ത്രീകളോട് ശത്രുതയോ ഇഷ്ടക്കേടോ തോന്നിയാല്‍ അവരെ മാനസികമായി തളര്‍ത്താന്‍ പലരും ചെയ്യുന്നത് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയെന്നതാണ്. ഇതിന് ഏറ്റവും അധികം ഇരകളാകുന്നത് പലപ്പോഴും സിനിമാ നടിമാരാണ്. സാധാരണക്കാരായ സ്ത്രീകളും മറ്റ് ചിലരുടെ ഈ മനോവൈകല്യത്തിന് ഇരയായി ജീവിതം പോലും നശിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങളും നമ്മുടെ നാട്ടില്‍ നടന്നിട്ടുണ്ട്. എഐയും ഡീപ് ഫേക്കുമൊക്കെ സജീവമാകുന്നതിന് മുമ്പുള്ള ഇത്തരം എഡിറ്റിംഗുകള്‍ കണ്ടെത്താന്‍ വളരെ എളുപ്പമായിരുന്നു.
ഇന്ന് സാങ്കേതിക വിദ്യ വളരെ അധികം പുരോഗമിച്ചിട്ടുണ്ട്. പണ്ട് കാലത്ത് മോര്‍ഫ് ചെയ്ത ചിത്രം പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. വലിയ പ്രാവീണ്യമൊന്നും ഇല്ലാത്ത ഒരാള്‍ക്ക് പോലും ഒറിജിനലിനെ വെല്ലുന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ ചിത്രങ്ങള്‍ എങ്ങനെ വേണമെങ്കിലും എഡിറ്റ് ചെയ്യാനും പ്രചരിപ്പിക്കാനും കഴിയും. അത്തരത്തിലൊരു സംഭവമാണ് മലയാളികളുടെ പ്രിയ താരം കാവ്യ മാധവന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്.
സിനിമാ മേഖലയില്‍ ഇപ്പോള്‍ കാവ്യ അത്ര സജീവമല്ല, എന്നിരുന്നാലും നിരവധി ആരാധകര്‍ താരത്തിനുണ്ട്. സ്വന്തം സംരംഭമായ ലക്ഷ്യയുടെ പ്രവര്‍ത്തനങ്ങളിലാണ് താരമിപ്പോള്‍. ബ്രാന്‍ഡിന്റെ സ്ഥിരം മോഡലും കാവ്യ തന്നെയാണ്. സാരിയും കുര്‍ത്തിയുമെല്ലാം ധരിച്ചുള്ള തന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി അവര്‍ പങ്കുവയ്ക്കാറുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകര്‍ ഈ ചിത്രങ്ങള്‍ ഏറ്റെടുക്കാറുമുണ്ട്.
ഏതാനും ദിവസങ്ങള്‍ മുമ്പ് കാവ്യ പങ്കുവച്ച ഒരു ചിത്രം വൈറലായിരുന്നു. ഒനിയന്‍ പിങ്ക് നിറത്തിലുള്ള കാഞ്ചീപുരം സില്‍ക്ക് പ്ലെയിന്‍ കസവുസാരിയോടൊപ്പം പിങ്കില്‍ പ്രിന്റുകളുള്ള ഹാഫ് സ്ലീവ് ബ്ലൗസാണ് ധരിച്ചത്. ചുവപ്പു കല്ലുപതിച്ച നെക്ലസും കമ്മലും വളകളും മോതിരവും താരം ധരിച്ചിരുന്നു. എന്നാല്‍ ചില പ്രൊഫൈലുകളിലും പേജുകളിലും പ്രചരിച്ചതാകട്ടെ നടി സ്ലീവ്‌ലെസ് ബ്ലൗസ് ധരിച്ചും ശരീര ഭാഗങ്ങള്‍ കാണുന്ന രീതിയില്‍ സാരി ധരിച്ച് നില്‍ക്കുകയും ചെയ്യുന്ന ചിത്രമാണ്.
എന്നാല്‍ നടി ഇത്തരം വസ്ത്രധാരണം നടത്താറില്ലെന്ന് മനസ്സിലാക്കിയ ആരാധകര്‍ തന്നെ ഇതിനെതിരെ രംഗത്ത് വന്നു. ഒരാളുടെ ചിത്രങ്ങള്‍ അവര്‍ക്ക് പോലും ശീലമില്ലാത്ത രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നത് മാനസികരോഗമാണെന്നാണ് ആരാധകര്‍ പറയുന്നത്. ഇതുപോലുള്ള പ്രവര്‍ത്തികള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കാവ്യ മാധവന്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ആരാധകരുടെ ആവശ്യം. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും നിരവധിപേര്‍ അഭിപ്രായപ്പെടുന്നുണ്ട്.