
സിൽവർ ലൈൻ പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവർക്ക് മേൽ പൊതുമുതൽ നശിപ്പിക്കൽ തടയുന്ന നിയമത്തിലെ വകുപ്പുകൾ ചുമത്താൻ ആകുമോ എന്ന് പൊലീസ് നിയമോപദേശം തേടി. അതിരടയാള കല്ലുകൾ പിഴുതെറിയുന്ന കേസുകൾ വർധിച്ച സാഹചര്യത്തിലാണ് പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിന്റെ വകുപ്പുകൾ ചുമത്തുന്നതിന്റെ സാധ്യതയെ സംബന്ധിച്ച് വ്യക്തത വേണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. കെ റെയിൽ സർവേ കല്ലുകൾ പൊതുമുതൽ തന്നെയാണെന്ന് കണ്ണൂരിൽ പൊലീസിന് നിയമോപദേശം ലഭിച്ചു. കെ റെയിൽ സർവ്വേ കല്ലുകൾ പിഴുതുമാറ്റിയതുമായി ബന്ധപ്പെട്ട അഞ്ച് കേസുകൾ എടക്കാട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതിയിൽ കേസ് പരിഗണനയ്ക്കു വരുമ്പോൾ പ്രതികൂല പരാമർശങ്ങൾ ഒഴിവാക്കാൻ ആണ് പൊലീസ് ആദ്യംതന്നെ നിയമോപദേശം തേടിയത്. പൊതുമുതൽ മുതൽ നശിപ്പിക്കൽ തടയുന്ന നിയമം അനുസരിച്ച് കേസെടുത്താൽ പ്രതികൾക്ക് ജാമ്യമില്ലാ വകുപ്പുകൾ ബാധകമാകും.