സ്ത്രീകൾ നിയമസഹായം ആവശ്യപ്പെട്ടാൽ ഇനി മുതൽ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ വനിതാ പാരാ ലീഗൽ വളണ്ടിയർമാർ അവരുടെ വീട്ടുപടിക്കൽ എത്തും. പല കാരണങ്ങൾ കൊണ്ട് ഓഫീസിലെത്തി നിയമ സഹായത്തിനുള്ള പരാതികൾ നല്കാൻ കഴിയാത്തവർക്കാണ് ഈ സഹായം നൽകുകയെന്ന് ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. വിദ്യാധരൻ പറഞ്ഞു.
എല്ലാ വിഭാഗത്തിലുള്ള സ്ത്രീകൾക്കും വരുമാന പരിധി നോക്കാതെ കോടതികളിലും ട്രിബ്യുണലുകളിലും മറ്റും കേസുകൾ ഫയൽ ചെയ്യാൻ അഭിഭാഷകരെ നിയമ സേവന അതോറിറ്റി ഏർപ്പാട് ചെയ്യാറുണ്ട്. പ്രസ്തുത അഭി ഭാഷകർക്കുള്ള പ്രതിഫലം ലീഗൽ സർവ്വീസസ് അതോറിറ്റിയാണ് നല്കുന്നത്.ഇതനുസരിച്ച് ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥതൊട്ട് ദരിദ്രരായ സ്ത്രീകൾക്കു വരെ സൗജന്യ നിയമ സഹായം ലഭിക്കും. എതെങ്കിലും കാരണം കൊണ്ട് ലീഗൽ സർവീസസ് അതോറിറ്റി ഓഫിസിൽ എത്തി അപേക്ഷ നല്കാൻ കഴിയാത്തവർക്ക് ഒറ്റ ഫോൺ വിളിയിലൂടെ നിയമ സഹായം ലഭിക്കും. പഞ്ചായത്തുകളിലും മറ്റു സ്ഥാപനങ്ങളിലും നിയോഗിക്കപ്പെട്ട വനിതാ പാരാ വളണ്ടിയർമാരാണ് ഇതു ചെയ്യുക.