Spread the love

ഇതിഹാസ ബോളിവുഡ് താരം ദിലീപ്‍കുമാർ അന്തരിച്ചു; വിട പറയുന്നത് ഇന്ത്യൻ സിനിമയുടെ സ്വപ്നനായകൻ

ബോളിവുഡിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരമായ ദിലീപ്‍കുമാർ അന്തരിച്ചു. ന്യൂമോണിയ ബാധിച്ച്
ചികിത്സയിലായിരുന്ന അദ്ദേഹം മുംബൈ ഹിന്ദുജ ആശുപത്രിയിലാണ് അന്തരിച്ചത്. 60 വർഷത്തിനിടെ
40 ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും അതിഭാവുകത്വം നിറഞ്ഞ പരമ്പരാഗത നായക സങ്കൽപങ്ങളെ
ആകെ മാറ്റി മറിച്ചു അദ്ദേഹം. വിഷാദഭാവം നിറഞ്ഞ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ ആരാധകരെ വിസ്മയിപ്പിച്ചു.

1922ൽ മുഹമ്മദ് യൂസഫ് ഖാൻ ജനിച്ചത് പാകിസ്താനിലെ പെഷവാറിൽ. പഴക്കച്ചവടക്കാരനായ അച്ഛനൊപ്പം മുംബൈയിൽ.
പിന്നീട് പുനെക്കടുത്ത് മിലിറ്ററി ക്യാമ്പിൽ കാന്റീൻ നടത്തിപ്പ്. ബോംബെ ടാക്കീസ് ഉടമ നടി ദേവികാ റാണിയും
ഭർത്താവ് ഹിമാഷുറായിയുമായുള്ള പരിചയം അദ്ദേഹത്തിന്‍റെ ജീവിതം മാറ്റി മറിച്ചു. 1944ൽ ദേവികാറാണി നിർമിച്ച
‘ജ്വാർ ഭാത’യിൽ നായകനായി അരങ്ങേറ്റം. സാഹിത്യകാരൻ ഭഗവതി ചരൺ വർമ ദിലീപ്കുമാർ എന്ന പേര് നൽകി. ഷഹീദ്, ദീദാർ,
അമീർ തുടങ്ങിയ ചിത്രങ്ങളിലെ വിഷാദനായകവേഷങ്ങൾ തരംഗമായതോടെ ദിലീപ് മുൻനിരനായകരിൽ ഒരാളായി.
1955ൽ ബിമൽ റോയിയുടെ സംവിധാനത്തിൽ എക്കാലത്തെയും ഹിറ്റ് ചിത്രം ‘ദേവ്ദാസ്’.

മുഗൾ ഇ കസം, ക്രാന്തി, മധുമതി , നയാ ദൗർ എന്നും ഓർത്തിരിക്കുന്ന ,ചരിത്രമായ സിനിമകൾ.
ഹാസ്യനടനായും ദിലീപ് തിളങ്ങി. രാം ഓർ ശ്യം, ഗംഗാജമുന, കോഹിനൂർ, ആസാദ് തുടങ്ങിയവ ഉദാഹരണങ്ങൾ. ഗംഗാ ജമുന എന്ന ചിത്രത്തോടെ
നിർമാതാവും ആി. കലിംഗ എന്ന പേരിൽ ഒരു ചിത്രം സംവിധാനം ചെയ്തെങ്കിലും പുറത്തിറങ്ങിയില്ല. 5 വർഷത്തോളം സിനിമയിൽ
നിന്നും വിട്ടു നിന്നു. പിന്നീട് 1981ൽ തിരിച്ചുവരവ്. 1998ൽ ക്വില അവസാന ചിത്രം . ഇതിൽ ഡബിൾ റോളിലാണ്
അദ്ദേഹം എത്തിയത്. മികച്ച നടനുള്ള ഫിലിം ഫെയർ പുരസ്കാരം എട്ടുതവണയാണ് അദ്ദേഹത്തിന് ലഭിച്ചത്.

1980-ല്‍ മുംബൈ ഷെരീഫായി നിയമിതനായി അദ്ദേഹം. 1991-ൽ പത്മഭൂഷനും 2015ൽ പത്മവിഭൂഷനും സൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
1994-ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും ദിലീപ് കുമാറിന് ലഭിച്ചു.
1997ൽ ആന്ധ്ര സർക്കാർ എൻടിആർ ദേശീയ പുരസ്കാരം നൽകി ആദരിച്ചു.
2000 മുതല്‍ 2006-വരെ രാജ്യസഭാംഗമായിരുന്നു .
1998-ൽ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഇംതിയാസ് നൽകി പാകിസ്താനും അദ്ദേഹത്തെ ആദരിച്ചു.
2014-ൽ പാക്കിസ്ഥാൻ സർക്കാർ പെഷവാറിലെ അദ്ദേഹത്തിന്‍റെ
ജന്മഗൃഹം ദേശീയ പൈതൃക മന്ദിരമായി പ്രഖ്യാപിച്ചു.
നിരവധി ചിത്രങ്ങളിൽ തന്‍റെ നായികയായിരുന്ന സൈറാബാനുവിനെയാണ് അദ്ദേഹം ജീവിത പങ്കാളിയാക്കിയത്.

Leave a Reply