Spread the love

മലയാള സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പിൽ ആരോപണ വിധേയനായ നടൻ ബാബുരാജ് മത്സരിക്കുന്നതിനെതിരെ വിവിധ താരങ്ങൾ രംഗത്തെത്തിയിരുന്നു. ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. എന്നാൽ ആരോപണ വിധേയരായവര്‍ക്ക് മത്സരിക്കാമെങ്കില്‍ പിന്നെ എന്തിനാണ് ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയതെന്നും ചിലര്‍ക്ക് ഒരു നിയമം, കൂറെയാളുകള്‍ക്ക് മറ്റൊരു നിയമം എന്ന നയം തെറ്റാണെന്നും വ്യക്തമാക്കി നടി മല്ലിക സുകുമാരൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ബാബുരാജ് പിന്മാറണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും നിർമാതാവുമായ വിജയ് ബാബുവും. ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ താൻ ആരോപണ വിധേയനായിരുന്നപ്പോൾ തിരഞ്ഞെടുപ്പിൽ നിന്നു മാറി നിന്നുവെന്നും വിജയ് ബാബു ചൂണ്ടിക്കാട്ടി.

‘എനിക്കെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ ഞാൻ മാറിനിന്നു. ബാബുരാജും ഇപ്പോൾ അതാണ് ചെയ്യേണ്ടത്. കേസുകളിൽ നിരപരാധിത്വം തെളിയിക്കപ്പെട്ട ശേഷം തിരിച്ചുവരാം. എന്തിനാണ് ഇത്ര തിടുക്കം? താങ്കൾ സംഘടനയെ നയിച്ചതുപോലെ നയിക്കാൻ കഴിവുള്ളവർ വേറെയുമുണ്ട്. താങ്കളുടെ പ്രകടനത്തെ ചോദ്യം ചെയ്യുന്നില്ല, പക്ഷേ സംഘടന ഒരു വ്യക്തിയെക്കാൾ വലുതാണ്, അത് ശക്തമായിതന്നെ നിലനികൊള്ളും’ പോസ്റ്റിൽ പറയുന്നു. അതേസമയം തന്റെ അഭിപ്രായം വ്യക്തിപരമായി എടുക്കരുതെന്നും പോസ്റ്റിൽ വിജയ് ബാബുരാജിനോട് പറയുന്നുണ്ട്.

Leave a Reply