മലയാളത്തിന്റെ അഭിമാന സിനിമ മുഖങ്ങളിൽ ഒന്നാണ് നടൻ ഫഹദ് ഫാസിൽ. മുൻപൊരിക്കൽ ഒരു അവാർഡ് ഷോയിൽ സംസാരിക്കവേ പ്രമുഖ തമിഴ് നടൻ ശിവ കാർത്തികേയൻ താരത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു.’ ഇന്ത്യൻ സിനിമ എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ തനിക്ക് ധൈര്യമായി ഫഹദ് ഫാസിലിനെ അവിടെ കാണിക്കാൻ കഴിയും’ എന്നായിരുന്നു അന്ന് പൊതുവേദിയിൽ ശിവ കാർത്തികേയൻ അഭിമാനത്തോടെ പറഞ്ഞത്. മലയാളികൾക്കും ഈ അഭിപ്രായത്തിൽ നിന്ന് തെല്ലിട വ്യത്യാസമില്ല. ഫഹദ് ഫാസിലിനോളം പാൻ ഇന്ത്യൻ റീച്ചും സ്വീകാര്യതയും ഉള്ള മറ്റൊരു തെന്നിന്ത്യൻ നടൻ ഇല്ലെന്നുതന്നെ വേണമെങ്കിൽ പറയാം.
ഫഹദ് ഫാസിന്റെ സിനിമകൾ തന്നെ ഒരു ഗ്യാരണ്ടിയാണ്. വിശ്വസിച്ചു കയറാം. ഇതുപോലെതന്നെ തങ്കപ്പെട്ടതാണ് ഫഹദ് ഫാസിലിന്റെ സ്വകാര്യ വ്യക്തിത്വവും എന്ന് മലയാളികൾക്ക് എന്നും അഭിപ്രായമുണ്ട്. വലിയ ആഡംബരമോ താര ജാഡയോ ഇല്ലാത്ത സിമ്പിൾ മനുഷ്യൻ. സിനിമയ്ക്ക് പുറത്ത് ലളിത ജീവിതം നയിക്കുന്ന സോഷ്യൽ മീഡിയയിൽ തല കാണിക്കാത്ത പാവത്താൻ. എന്നിങ്ങനെയാണ് താരത്തെ കുറിച്ചുള്ള പൊതുവേയുള്ള അഭിപ്രായം. മുൻപൊരിക്കൽ ഇത് അടിവരയിടുന്ന തരത്തിൽ ഭാര്യ നസ്രിയയും ഒരു പരാമർശം നടത്തിയിരുന്നു. ഫഹദ് ഫാസിലിന് മറ്റ് സോഷ്യൽ മീഡിയ ഉപയോഗമോ സ്മാർട്ട് ഫോണോ ഇല്ലെന്നാണ് ഒരു ഇന്റർവ്യൂവിൽ നടി പറഞ്ഞത്. ഇപ്പോഴിതാ ഇത്തരത്തിൽ മറ്റ് സെലിബ്രിറ്റികൾ എല്ലാം ഏറ്റവും അഡ്വാൻസായ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുമ്പോൾ ഒരു സിമ്പിൾ ഫോണുമായി പ്രത്യക്ഷപ്പെട്ട ഫഹദ് ഫാസിലിന്റെ ചിത്രങ്ങളും വാർത്തകളുമാണ് ഇപ്പോൾ ഇന്റർനെറ്റിൽ ഇപ്പോൾ പ്രചരിക്കുന്നത്.
ഇന്ന് കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവർ വളരെ ചുരുക്കമാണ്. എന്നാൽ നടൻ ഫഹദ് ഫാസിൽ കുറേക്കാലമായി കീപാഡ് ഫോണാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം നസ്ളിൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് ഫഹദ് എത്തിയിരുന്നു. ചടങ്ങിനിടെ ഫഹദ് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഫഹദിനെയും ഫോണിനെയും ഇന്റർനെറ്റിൽ ഇപ്പോൾ വൈറൽ ആക്കിയിരിക്കുന്നത്.
ഫോൺ കണ്ടതോടെ താരം ഇത്ര സിമ്പിളാണോ എന്നായി ആരാധകർ. എന്നാൽ ചിലർ അതിന്റെ വില തപ്പിയതോടെ സംഭവം അത്ര സിമ്പിളല്ലെന്ന് മനസിലായി. ആഗോള ബ്രാൻഡ് ആയ വെർടുവിന്റെ ഫോണാണ് ഫഹദ് ഉപയോഗിക്കുന്നത്. 4ജിബി ബ്ലാക്ക് ഫോണിന് ഷോപ്പിംഗ് സൈറ്റുകളിൽ 1199 ഡോളർ അതായത് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരും. എന്നാൽ ഇത് ഇന്ത്യയിലേക്ക് എത്തുമ്പോൾ വില കുറച്ചുകൂടി കൂടും.ഫോണിന്റേത് രണ്ട് ഇഞ്ച് QVGA സഫയർ ക്രിസ്റ്റൽ ഡിസ്‌പ്ലേ ആണ്. 3G/ക്വാഡ്ബാൻഡ് GSM പിന്തുണയുള്ള ഈ ഫോണിൽ ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി കണക്ടിവിറ്റി, ഫ്ലാഷോടുകൂടിയ 3മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 4GB ഓൺബോർഡ് മെമ്മറി, വെബ് ബ്രൗസർ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഉണ്ട്.








