Spread the love

വേനല്‍ക്കാലം രോഗങ്ങളുടെ കാലമാണ്. ആഹാര കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കേണ്ട സമയമാണ്. നമ്മുടെ ശരീരം കൂടുതല്‍ വിയര്‍ക്കുന്നതിനാല്‍ ശരീരത്തിലെ ജലാംശം കുറയുകയും ക്ഷീണം, തലവേദന, ഹീറ്റ് സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാദ്ധ്യതയുണ്ട്. ഇതിനെ അതിജീവിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ടാല്‍ നിര്‍ജ്ജലീകരണത്തിനുള്ള സാദ്ധ്യതയുണ്ട്. ദാഹിക്കുന്നതിന് കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം കുടിക്കണം. ദിവസം 2.5 – 3 ലിറ്റര്‍ വെള്ളം ആവശ്യമാണ്.

വേനല്‍ക്കാലത്ത് ആഹാരത്തിന്റെ അളവ് കുറച്ചു വയ്ക്കണം. ചെറിയ ഭക്ഷണം ഇടവേളകളിട്ട് കഴിക്കണം. ചര്‍മ്മ രോഗങ്ങളില്‍ നിന്നും വിറ്റാമിന്‍ കുറവിലുണ്ടാകുന്ന രോഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ പഴങ്ങള്‍ കഴിക്കാം. ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം അനിവാര്യമാണ്. കൊഴുപ്പു കുറഞ്ഞ പ്രോട്ടീന്‍, മത്സ്യം, തൊലി കളഞ്ഞ കോഴിയിറച്ചി, മുട്ടവെള്ള, പയറു വര്‍ഗ്ഗങ്ങള്‍ എന്നിവ ദിവസേനയുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇടനേരങ്ങളില്‍ ഒരു പച്ചക്കറി സാലഡ് കഴിക്കാം. ശരീരം തണുപ്പിക്കാന്‍ വെള്ളരിക്ക, തക്കാളി, നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍, തൈര്, നെല്ലിക്ക, കരിക്കിന്‍ വെള്ളം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ധാരാളം പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. എണ്ണയില്‍ വറുത്തു പൊരിച്ച ആഹാരങ്ങള്‍, പഞ്ചസാര അടങ്ങിയ ലഘു ഭക്ഷണങ്ങള്‍, മധുര പലഹാരങ്ങള്‍, ഫാസ്റ്റ് ഫുഡുകള്‍, ചുവന്ന ഇറച്ചികള്‍, ഹോട്ടല്‍ ഭക്ഷണങ്ങള്‍, കോള പാനീയങ്ങള്‍, സോഫ്റ്റ് ഡ്രിങ്കുകള്‍, മൈദ ചേര്‍ന്ന ആഹാരങ്ങള്‍ എന്നിവ വേനല്‍ക്കാലത്ത് കഴിവതും കുറച്ചു വയ്ക്കണം. എരിവ്, പുളി, മസാല കൂടുതലുള്ള ഭക്ഷണങ്ങള്‍, തുടങ്ങിയവ വേനല്‍ക്കാലത്ത് നല്ലതല്ല. ചായ, കാപ്പി എന്നിവയ്ക്കും നിയന്ത്രണം വേണം. അതിനുപകരം ഫ്രൂട്ട് ജ്യൂസുകളോ, ഉപ്പു കുറച്ചുള്ള പച്ചക്കറി സൂപ്പോ ഉള്‍പ്പെടുത്താം.

വേനല്‍ക്കാലത്ത് അമിത വ്യായാമം ഒഴിവാക്കാം. രാവിലെയും വൈകുന്നേരവും 30 മിനിട്ട് നടക്കുന്നത് മതിയാകും. വ്യക്തി ശുചിത്വം ഏറ്റവും പരമപ്രധാനമാണ്. ദിവസം രണ്ട് നേരം കുളിക്കാം. അയഞ്ഞ കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കുക. പകല്‍ 11 മണി മുതല്‍ 4 മണി വരെയുള്ള സമയങ്ങളില്‍ വെയില്‍ കൊള്ളാതിരിക്കുക. കൂടുതല്‍ സമയം തീവ്രമേറിയ വെയില്‍ കൊള്ളുമ്പോള്‍ ശരീരത്തില്‍ പൊള്ളലുകള്‍, ഛര്‍ദ്ദി, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ സൂര്യാഘാതം കാരണമായിരിക്കാം. ഉടന്‍ തന്നെ തണുത്ത വെള്ളം കുടിക്കുകയും ശരീരത്തില്‍ ഒഴിക്കുകയും ചെയ്യുക. ഐസ് ഉപയോഗിച്ച് ശരീര താപനില കുറയ്ക്കാം. താമസിയാതെ ആശുപത്രിയില്‍ എത്തിക്കുക

Leave a Reply