Spread the love
‘ഉണര്‍വ്വ്’ പദ്ധതിയുമായി വിമുക്തി

തിരുവനന്തപുരം: സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കാന്‍ എക്സൈസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവര്‍ജനമിഷനായ വിമുക്തി ‘ഉണര്‍വ്വ്’ പദ്ധതി നടപ്പിലാക്കുന്നു. ലഹരി ഉപയോഗത്തില്‍ നിന്നും വിദ്യാര്‍ത്ഥികളെ പിന്‍തിരിപ്പിക്കുക, അവര്‍ക്ക് ആത്മവിശ്വാസവും പിന്‍തുണയും നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുക, കര്‍മ്മശേഷിയെ ക്രിയാത്മക മേഖലകളില്‍ വിനിയോഗിക്കുന്നതിന് പരിശീലനം നല്‍കുക, വിദ്യാഭ്യാസത്തിനൊപ്പം വിദ്യാര്‍ത്ഥികളെ ലഹരിയുടെ പ്രചോദനങ്ങളില്‍ നിന്നും വഴിതിരിച്ച് കായിക-കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുക തുടങ്ങിയവയാണ് ഉണര്‍വ്വ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കുന്ന നാല് വിദ്യാലയങ്ങൾ എക്സൈസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് അവിടെയുള്ള പ്രശ്നങ്ങളും സാഹചര്യങ്ങളും പഠിച്ച് ലഹരിക്കെതിരെ സാമൂഹ്യ പ്രതിരോധം തീര്‍ക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച് കര്‍മ്മപദ്ധതി തയ്യാറാക്കും. അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, എക്സൈസ് ഉദ്യോഗസ്ഥര്‍, പ്രദേശത്തെ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, പരിസരവാസികള്‍, പ്രദേശത്തെ വ്യാപാരി വ്യവസായി സമൂഹം എന്നിവരെ ഉള്‍ക്കൊള്ളിച്ചുള്ള പ്രവര്‍ത്തനമാണ് നടപ്പാക്കുന്നത്. സര്‍ക്കാര്‍ ധനസഹായത്തോടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പ്പറേഷനുകള്‍, കമ്പനികള്‍ എന്നിവയുടെ സിഎസ്ആര്‍ ഫണ്ടുകള്‍ ഉപയോഗിച്ചും വിദ്യാലയങ്ങളിലെ അടിസ്ഥാന പരിശീലന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ലഹരി ഉപയോഗ സാധ്യതകള്‍ സംശയിക്കുന്ന കുട്ടികള്‍ക്ക് കൗണ്‍സലിംഗ്/ചികിത്സ വിമുക്തി മിഷന്‍ സെന്‍ററുകളില്‍ നല്‍കും.

തിരുവനന്തപുരത്തെ നാല് സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ഈ സ്കൂളുകളില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം കുട്ടികള്‍ക്ക് ലഹരി മാഫിയയുമായി ബന്ധപ്പെടാനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അച്ചടക്കം വളര്‍ത്തുന്നതില്‍ വിമുക്തിയുടെ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ട്.

Leave a Reply