
ചെന്നൈ∙ മദ്രാസ് മെഡിക്കൽ കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡ്രിപ്പിട്ട് രക്തം പുറത്തേക്കൊഴുക്കി ആത്മഹത്യ ചെയ്തു. ചെന്നൈയ്ക്കു സമീപം ആൾവാർപേട്ടിലാണ് സംഭവം. ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആൾവാർപേട്ട് സ്വദേശിയും സർജിക്കൽ ഗാസ്ട്രോഎൻട്രോളജി വിദഗ്ധനുമായ ഡോ. യു.കാർത്തി (42) ആണ് ജീവനൊടുക്കിയത്. ആറു മാസം മുൻപാണ് ഡോ.കാർത്തി രാജീവ് ഗാന്ധി ഗവൺമെന്റ് മെഡിക്കൽ കോളജിൽ അസിസ്റ്റന്റ് പ്രഫസറായി ജോലിക്കു ചേർന്നത്. കോവിഡ് കാലത്ത് ചെങ്കൽപേട്ടയിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. ഇതിനിടെ മൂന്നു തവണ കോവിഡ് ബാധിക്കുകയും ചെയ്തു.പുതുച്ചേരിയിൽ ഡോക്ടറായ ഉലകനാഥന്റെയും കസ്തൂരിയുടെയും മകനാണ് കാർത്തി. സഹോദരി ദീപ യുഎസിൽ ഡോക്ടറാണ്. ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി വിവാഹം പോലും വേണ്ടെന്നുവച്ചയാളാണ് കാർത്തിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎസിലുള്ള സഹോദരി ദീപയുമായി സ്ഥിരമായി ഫോണിൽ സംസാരിച്ചിരുന്ന കാർത്തിയെ രണ്ടു ദിവസം തുടർച്ചയായി ഫോണിൽ കിട്ടാതായതോടെ ദീപ പുതുച്ചേരിയിലുള്ള പിതാവ് ഉലകനാഥനെ വിവരമറിയിച്ചു. പിതാവും തുടർച്ചയായി ഫോൺ വിളിച്ചു നോക്കിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ദീപ തന്റെ സുഹൃത്തായ ഡോ.ശ്രീവിദ്യയോട് കാർത്തി താമസിക്കുന്ന വീട്ടിൽ ചെന്ന് അന്വേഷിക്കാൻ ആവശ്യപ്പെട്ടു. ശ്രീവിദ്യ എത്തുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നുവെന്നും കടുത്ത ദുർഗന്ധമുണ്ടായിരുന്നെന്നും ശ്രീവിദ്യ പറഞ്ഞു. ഉള്ളിൽ, ചോരവാർന്ന് കസേരയിൽ മരിച്ചിരിക്കുന്ന നിലയിൽ കാർത്തിയെ കണ്ടെത്തി. മൃതദേഹം അപ്പോഴേക്കും അഴുകിത്തുടങ്ങിയിരുന്നു.
ശ്രീവിദ്യ നൽകിയ വിവരമനുസരിച്ച് തേനാംപേട്ട് പൊലീസ് സ്ഥലത്തെത്തി. കാർത്തിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. ഇരു കൈകളിലും ഡ്രിപ് ഇട്ട് ചോര ഒഴുക്കിക്കളഞ്ഞായിരുന്നു കാർത്തിയുടെ മരണമെന്നും ഓഗസ്റ്റ് 19 നാണ് മരണം നടന്നിരിക്കാൻ സാധ്യതയെന്നും പൊലീസ് അറിയിച്ചു.
‘‘എന്റെ ജീവിതം വളരെ മനോഹരമായി അവസാനിച്ചു. എന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല’ – എന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പും സമീപത്തുനിന്ന് കണ്ടെത്തി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.