കോട്ടയം – ഇടുക്കി ജില്ലകളിൽ നേരിയ രീതിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 1.99 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഉണ്ടായത്. കോട്ടയം ജില്ലയിലെ പൂവരണി, ഇടമറ്റം, ഭരണങ്ങാനം, അരുണാപുരം, പൂഞ്ഞാർ, പനച്ചിപ്പാറ മേഖലകളിലാണ് ഭൂചലനം ഉണ്ടായത്. മീനച്ചിലാണ് പ്രഭവ കേന്ദ്രമെന്നാണ് സൂചന. 15 സെക്കന്റോളം നീണ്ടു നിൽക്കുന്ന ഒരു മുഴക്കം ഉണ്ടായിരുന്നുവെന്നും ചെറിയ ഒരു വിറയൽ അനുഭവപ്പെട്ടുവെന്നും പ്രദേശവാസികൾ പറയുന്നു.ഇടുക്കിയിലെ സീസ്മോഗ്രാഫിൽ ഇതു സംബന്ധിച്ച പ്രകമ്പനം രേഖപ്പെടുത്തിയിട്ടുണ്ട്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.