
കേരളത്തില്‍ മിന്നല്‍ പ്രളയവും മേഘവിസ്‌ഫോടനവും
സംസ്ഥാനത്ത് മേഘവിസ്‌ഫോടനത്തിന് സാധ്യതയെന്ന് കാലാവസ്ഥ പഠന റിപ്പോര്‍ട്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്‌ഫോടനം മിന്നല്‍ പ്രളയം സൃഷ്ടിക്കും. കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങളാണ് ഇതിന് വഴി വയ്ക്കുക. രണ്ട് മണിക്കൂറിനുള്ളില്‍ 20 സെന്റി മീറ്റര്‍ വരെ മഴ പെയ്യാമെന്ന് പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. അറബിക്കടലിന്റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നില്‍. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തി പ്രാപിക്കുന്ന കാറ്റും ആന്ധ്രാതീരത്തെ അന്തരീക്ഷ ചുഴിയുമാണ് മഴ കനക്കാനുള്ള കാരണം. കൊല്ലം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ ഇന്നലെ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ഇത്പ്രകാരം ജില്ലാ താലൂക്ക് അടിസ്ഥാനത്തിൽ മുഴുവൻ സമയവും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലും കൺട്രോൾ റൂമുകൾ ഉണ്ടാകും. അടിയന്തിര സാഹചര്യം നേരിടാൻ തയ്യാറായിരിക്കണമെന്ന് പൊലീസിനും പ്രത്യേക നിർദേശമുണ്ട്. എല്ലായിടങ്ങളിലും സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കണം. ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള പ്രദേശങ്ങളിൽ ആളുകൾ അതീവ ജാഗ്രത പാലിക്കണം. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.