മലയാളത്തിനും മറ്റ് തെന്നിന്ത്യൻ ഫിലിം ഇൻഡസ്ട്രികൾക്കും ഒരുപോലെ അഭിമാനമായ താരമാണ് നടി ഉർവശി. കാലവും തലമുറയും നായികമാരും സിനിമ ട്രെൻഡുമെല്ലാം മാറിയപ്പോഴും അന്നും ഇന്നും മികച്ച നടിമാരിൽ തരം മാറാതെ നിൽപ്പുണ്ട് ഉർവശി. പുതുതലമുറയിലെ നടിമാരോട് പോലും മത്സരിച്ചഭിനയിച്ച് സമീപകാലത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് പോലും താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ നടൻ സുരേഷ് ഗോപി ഉർവശിയോട് ഉപമിച്ച് അനശ്വര രാജനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു കാലത്ത് ഞാൻ ഉർവശിയെ കണ്ട് അതിശയിച്ചതുപോലെയാണ് ഇപ്പോൾ അനശ്വരയുടെ അഭിനയം കാണുമ്പോൾ എന്നും അദ്ദേഹം പറഞ്ഞു.
ഈ തലമുറയിലെ ഒരു നടിയോ നടനേയോ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സുരേഷ് ഗോപി ഉടനെ തന്നെ അനശ്വര എന്നു പറയുകയായിരുന്നു. ‘ഒരു കാലത്ത് ഞാൻ ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ, ഇങ്ങനെയൊക്കെ പറ്റുമോ എന്ന് വിചാരിച്ചതുപോലെ ഇപ്പോൾ റീൽസിലെ അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു. മൈ ഗോഡ്, ഈ ജനറേഷനിൽ ഇങ്ങനെ റിയൽ, എന്തുചെയ്താലും നമുക്ക് ഓക്കെ എന്ന് പറയുന്ന ഒരവസ്ഥ. കണ്ണീർ തുടച്ചും മൂക്ക് പിഴിഞ്ഞും എന്തൊക്കേയോ ചെയ്യുന്നുണ്ട്. അതെല്ലാം ഓക്കെയാണ്’ എന്ന് സുരേഷ് ഗോപി പറഞ്ഞു.







