എഴുപത്തിയൊന്നാം ദേശീയ പുരസ്കാര പ്രഖ്യാപനത്തില്‍ മലയാളികളെ ചൊടിപ്പിച്ച സംഭവമായിരുന്നു കേരള സമൂഹത്തെയും മലയാളികളെയും രാജ്യത്തിനും ലോകത്തിനും മുൻപിൽ മോശമായി ചിത്രീകരിച്ച ‘ദി കേരളാസ്‌റ്റോറി’ക്ക് മികച്ച സംവിധായകനുള്ള പുരസ്കാരം നൽകിയതും മലയാളികൾ വലിയ പ്രതീക്ഷയർപ്പിച്ച പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് യാതൊരു അംഗീകാരവും നൽകാത്തതും. ഇന്ത്യൻ സിനിമയക്ക് തന്നെ വലിയ അഭിമാനമായ ആടുജീവിതം പോലൊരു ചിത്രത്തിൽ കാണാത്ത എന്തുകാര്യമാണ് ജൂറി കേരളാസ്‌റ്റോറിയിൽ കണ്ടുപിടിച്ചതെന്നാണ് പൊതുവെയുള്ള സോഷ്യൽ മീഡിയ സംസാരം. ഇപ്പോഴിതാ സമാനമായ അഭിപ്രായവുമായിരംഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി.
ഷാരൂഖ് ഖാനെ തനിക്ക് ഇഷ്ടമാണെന്നും എന്നാൽ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചതെന്നുമാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ഷാരൂഖ് ഖാനെ എനിക്കിഷ്ടമാണ്..
എന്നാൽ എന്റെ അഭിപ്രായത്തിൽ ആടുജീവിതത്തിലെ പൃഥ്വിരാജിന്റെ പ്രകടനം തന്നെയാണ് മികച്ചത്..
ആടുജീവിതം എന്ന സിനിമ മൊത്തത്തിൽ തഴയപ്പെട്ടത് എങ്ങിനെയാണ്? എന്നിങ്ങനെയാണ് മന്ത്രി കുറിച്ചത്.
അതേസമയം ദി കേരള സ്റ്റോറിക്ക് രണ്ട് അവാർഡ് ലഭിച്ചതിനെക്കുറിച്ച് വി ശിവൻകുട്ടി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ദ കേരള സ്റ്റോറി’ എന്ന സിനിമയ്ക്ക് ലഭിച്ച അംഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നിറഞ്ഞ ഒരു സിനിമയ്ക്ക് ദേശീയ പുരസ്‌കാരം നല്‍കുന്നത് അങ്ങേയറ്റം ഖേദകരമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.







