Spread the love

വൈപ്പിൻ∙എടവനക്കാട് അണിയൽ ബീച്ചിൽ സന്ദർശകർ എത്തിത്തുടങ്ങി. ടൂറിസത്തിനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും ഇതുവരെ കാര്യമായി ഉപയോഗിക്കപ്പെടാതെ കിടക്കുന്നിരുന്ന ബീച്ചാണിത്. സംസ്ഥാനപാതയിൽ നിന്ന് ഇവിടേക്ക് എത്താനുള്ള റോഡ് അടുത്ത കാലത്ത് മികച്ച രീതിയിൽ പുനർ നിർമിക്കപ്പെട്ടത് അനുകൂല ഘടകമായി മാറുകയും ചെയ്തു. വലിയ വാഹനങ്ങൾക്കും ഇപ്പോൾ തടസ്സമില്ലാതെ ബീച്ചിലേക്ക് എത്താൻ സാധിക്കും. വിശാലമായ മണൽപ്പരപ്പിന് പുറമേ ചൂണ്ടയിടലിനും മറ്റും പറ്റിയ പുലിമുട്ടുകളും ഇവിടെയുണ്ട്.
അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ അണിയിൽ ബീച്ച് അങ്ങേയറ്റം പിന്നിലുമാണ്. കടലിനോട് ചേർന്ന് കടന്നു പോയിരുന്ന തീരദേശ റോഡ് ഈ ഭാഗത്ത് തീർത്തും ഇല്ലാതായിട്ട് വർഷങ്ങളായി. നാട്ടുകാരുടെ ആശ്രയമായ നടപ്പാത തന്നെ മണൽ മൂടി കിടക്കുകയാണ്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യവും ഇല്ല. ലക്ഷക്കണക്കിന് രൂപ ചെലവിട്ട് വർഷങ്ങൾക്കു മുൻപ് ഈ ഭാഗത്ത് സജ്ജമാക്കിയ ശുചിമുറി ഇപ്പോൾ ഉപയോഗിക്കാൻ പറ്റാതെ കിടക്കുകയാണ്.

കേവലം ഒരു കടപ്പുറം എന്നതിനപ്പുറം വിനോദസഞ്ചാര ബീച്ച് ആയി മാറുന്നതോടെ വികസന പദ്ധതികൾക്കും വഴി തെളിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു പുറമേ നിന്ന് എത്തുന്ന സന്ദർശകർക്കു മാത്രമല്ല നാട്ടുകാർക്കും ഉപകാരപ്രദമായി മാറും. ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന നാട്ടുകാരുടെ മുറവിളിക്ക് വർഷങ്ങളായി അധികൃതർ ചെവി കൊടുത്തിട്ടില്ല. ജനപ്രതിനിധികളും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാത്ത സാഹചര്യമുണ്ട്. അതേസമയം വിനോദസഞ്ചാര പ്രാധാന്യം കൈവരുന്നതോടു കൂടി പുതിയ പദ്ധതികളുമായി സ്വകാര്യ സംരംഭകർ അടക്കം മുന്നോട്ടു വരാനുള്ള സാധ്യതായുണ്ട്.

Leave a Reply