
മലപ്പുറം: ചിക്കൻ ബിരിയാണിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ മലപ്പുറം പുത്തനത്താണി വൈറ്റ് ഹോട്ടലിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഫുഡ് ആന്റ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ ഉത്തരവ് ഉണ്ടാകും വരെ ഹോട്ടൽ അടച്ചിടാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തുവ്വക്കാട് മേടിപ്പാറ സ്വദേശികളായ കുടുംബത്തിന് ചിക്കൻ ബിരിയാണിയിൽ നിന്ന് പുഴുക്കളെ ലഭിച്ചത്.
ബിരിയാണിയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയ സാഹചര്യത്തിലാണ് പുത്തനത്താണി വൈറ്റ് റസ്റ്റോറന്റിൽ ഫുഡ് ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരാതിക്കാരാനായ ഇരിങ്ങാവൂർ വളപ്പിൽ ഷറഫുദ്ധീന്റെയും കുടുംബത്തിന്റെയും മൊഴിയെടുത്ത ശേഷമായിരുന്നു ഫുഡ് ആന്റ് സേഫ്റ്റി ഓഫീസർ ഡോ. മുഹമ്മദും സംഘവും പുത്തനത്താണി ഹോട്ടലിൽ എത്തിയത്. ഹോട്ടലിന്റെ കിച്ചൺ ഉൾപ്പെടെ മുഴുവൻ ഭാഗങ്ങളും സംഘം പരിശോധിച്ചു.
തയ്യാറാക്കിയ ചിക്കൻ ബിരിയാണിയുടെ സാമ്പിൾ ശേഖരിച്ച് കോഴിക്കോട് ലാബിലേക്ക് പരിശോധനക്കയച്ചു.ഹോട്ടൽ ഉടമയിൽ നിന്ന് സംഘം മൊഴിയെടുത്തു. പരാതി ഉയർന്ന സഹചര്യത്തിൽ ഫുഡ് ആന്റ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോർട്ട് വന്നതിന് ശേഷം മാത്രമെ സ്ഥാപനം തുറക്കാവൂവെന്ന് ഉടമക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉടമയിൽ നിന്നും പിഴ ഈടാക്കുമെന്നും ഡോ. മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് ഷറഫുദ്ധീന്റെ ഭാര്യ ജംഷിയക്ക് ബിരിയാണി കഴിക്കുന്നതിനിടെ ചിക്കനിൽ നിന്ന് പുഴുക്കളെ ലഭിച്ചത്. തുടർന്ന് പോലീസിനേയും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.