ഹോട്ടലിൽ നിന്നും ചിക്കൻ ബിരിയാണി കഴിക്കവെ ചിക്കനിൽ നിന്നും പുറത്തുവന്നത് ജീവനുള്ള പുഴുക്കൾ..! ശർദ്ദിച്ചവശയായി വീട്ടമ്മ. ഭർത്താവും മക്കളുമായി ഭക്ഷണം കഴിക്കുമ്പോഴാണ് ബിരിയാണിയിലെ ചിക്കനിൽ നിന്നും പുഴുക്കളെ കണ്ടെത്തിയത്. അസ്വസ്ഥതയെ തുടർന്ന് തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മലപ്പുറം പുത്തനത്താണിയിൽ പ്രവർത്തിക്കുന്ന വൈറ്റ് ഹോട്ടലിലാണ് സംഭവം. രാത്രി ഭക്ഷണം കഴിക്കാൻ എത്തിയതാണ് മൂന്ന് കുട്ടികളടങ്ങുന്ന അഞ്ചംഗ കുടുംബം. ഓർഡർ ചെയ്ത ബിരിയാണി കഴിച്ചു കൊണ്ടിരിക്കവേയാണ് ഭക്ഷണത്തിൽ നിന്നും പുഴുക്കളെ ലഭിച്ചത്. ഭക്ഷണത്തിൽ രുചി വ്യത്യാസം അനുഭവപ്പെട്ടപ്പോൾ ഹോട്ടൽ അധികൃതരെ വിവരം അറിയിച്ചെന്ന് കുടുംബം പറഞ്ഞു.
ജീവനുള്ള പുഴുക്കൾ ചിക്കനിൽ നിന്നും പുറത്തേക്ക് വരുന്ന നിലയിലായിരുന്നു. ഇതോടെ പുഴുക്കളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു കന്മനം മേനിപ്പാറ സ്വദേശി ഇരങ്ങാവൂർ വളപ്പിൽ ഷറഫുദ്ദീൻ. സംഭവത്തിൽ പോലീസിനും ഫുഡ് സേഫ്റ്റി വകുപ്പിനും പരാതി നൽകി. വളാഞ്ചേരി പോലിസ് സംഭവ സ്ഥലത്തെത്തി കുടുംബത്തിന്റെ മൊഴി എടുത്തു. ഭക്ഷ്യ സുരക്ഷ വകുപ്പ് തുടർനടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് ഉറപ്പ് നൽകി.