ജയ്പുർ∙ രാജസ്ഥാനിൽ ആദിവാസി യുവതിയെ മർദിച്ച് നഗ്നയാക്കി നടത്തി. രാജസ്ഥാനിലെ പ്രതാപ്ഗർ ജില്ലയിൽ ഇന്നലെ രാത്രിയാണ് ഭർത്താവും ബന്ധുക്കളും ചേർന്ന് ഇരുപത്തിയൊന്നുകാരിയായ യുവതിയെ നഗ്നയാക്കി നടത്തിച്ചത്. സംഭവത്തിൽ എട്ടു പ്രതികളെ തിരിച്ചറിഞ്ഞു, മൂന്നു പേരെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ക്രൂരത. വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നു. അവിടെനിന്നു ഭർത്താവും ബന്ധുക്കളും ചേർന്നു തട്ടിക്കൊണ്ടു വരികയും കിലോമീറ്ററോളം നഗ്നയാക്കി നടത്തുകയുമായിരുന്നെന്ന് പൊലീസ് അറിയിച്ചു.
സംഭവം അന്വേഷിക്കുന്നതിനായി ആറ് പൊലീസ് സംഘങ്ങളെ നിയോഗിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഖേദം രേഖപ്പെടുത്തി. ‘‘പ്രതാപ്ഗറിൽ കുടുംബ പ്രശ്നങ്ങളുടെ പേരിൽ യുവതിയെ മർദിച്ച് നഗ്നയാക്കി നടത്തുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിഷ്കൃത സമൂഹത്തിൽ ഇത്തരത്തിലുള്ള ക്രിമിനലുകൾക്ക് സ്ഥാനമില്ല. ഇത്തരം ക്രിമിനലുകൾക്ക് കഠിനമായ ശിക്ഷ തന്നെ നൽകും’’ – ഗെലോട്ട് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.