വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ചൈനീസ് ഭരണകൂടം ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലെ വിമാനത്താവളം പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഉഗാണ്ടയിലെ ആകെയുള്ള അന്താരാഷ്ട്ര വിമാനത്താവളമായ എന്റെബെയാണ് ചൈന പിടിച്ചെടുത്തതെന്നാണ് ആരോപണം. ഇതിന് പുറമെ വിദേശ രാജ്യമായ ഉഗാണ്ടയിലെ വേറെയും സ്വത്തുക്കള്‍ ചൈന കൈക്കലാക്കി. ഒരു വര്‍ഷം 19 ലക്ഷം യാത്രക്കാരാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തിരുന്നത്. ചൈനയിലെ എക്സിം ബാങ്കിൽ നിന്ന് 207 ദശലക്ഷം ഡോളർ നേരത്തെ ഉഗാണ്ട ഭരണകൂടം എന്റെബെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി കടമെടുത്തിരുന്നു. 20 വർഷത്തേക്കായിരുന്നു വായ്പയുടെ കാലാവധി. നേരത്തെ ചൈനയുമായി വിശദമായ പഠനം നടത്താതെ ഒപ്പുവെച്ച കരാറുകള്‍ നിരവധി ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇപ്പോള്‍ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്.